keralaKerala NewsLatest News

മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിന് ഒരു വർഷം; കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കണ്ണൂരിലെ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിന് ഒരു വർഷം പിന്നിടുമ്പോൾ, കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം വീണ്ടും രംഗത്തെത്തി. നവീന്റെ സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചത് പ്രകാരം, പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ “എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ടുണ്ടെന്ന്” പറഞ്ഞുവെങ്കിലും, അഡീഷണൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ നിർണായകമായ പല കാര്യങ്ങളും അന്വേഷിക്കാതെയാണെന്ന് വ്യക്തമായതായാണ് കുടുംബത്തിന്റെ ആരോപണം. “അന്വേഷിച്ചിട്ടുണ്ടെങ്കിൽ അവ മറച്ചുവെച്ചാണ് കുറ്റപത്രം സമർപ്പിച്ചത്. അതിനാലാണ് 13 പ്രധാന കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്,” സഹോദരൻ പറഞ്ഞു.

നവീൻ ബാബുവിനെ വിളിച്ച പ്രശാന്തിന്റെ ഫോൺവിളിയുടെ രേഖകൾ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും, പി.പി. ദിവ്യയുടെയും കലക്ടറുടെയും നമ്പറുകൾ മാത്രമാണ് പരിശോധിച്ചതെന്നും കുടുംബം ആരോപിക്കുന്നു. “അവയെല്ലാം മറച്ചുവെച്ച് കുറ്റപത്രം സമർപ്പിച്ചതിൽ വലിയ ദുരൂഹതയുണ്ട്. കാര്യക്ഷമമായ അന്വേഷണം നടന്നാൽ മാത്രമേ സത്യം പുറത്തുവരൂ. ഇപ്പോൾ നീതി വളരെ അകലെയാണെന്ന് തോന്നുന്നു,” സഹോദരൻ കൂട്ടിച്ചേർത്തു.

ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ ഫോൺവിളി വിശദാംശങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടില്ലെന്നും, ഒക്ടോബർ 9 മുതൽ 14 വരെ പ്രശാന്തിന്റെ നിർണായക കോളുകൾ കാണാനില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. “എല്ലാ നിയമവഴികളും തേടി നീതി നേടും,” സഹോദരൻ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ഹരജി ഡിസംബർ മാസത്തിൽ കണ്ണൂർ സെഷൻസ് കോടതിയിൽ പരിഗണിക്കും.

നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ പറഞ്ഞു: “എന്റെ വേദനയും ദുഃഖവും സ്വകാര്യമായി സൂക്ഷിക്കാനാണ് ആഗ്രഹം. കേരളത്തിലെ മനുഷ്യത്വമുള്ളവർ ഞങ്ങളോടൊപ്പമുണ്ടായി. മാധ്യമങ്ങൾ വലിയ പിന്തുണ നൽകി. എല്ലാവർക്കും നന്ദി.”

മകൾ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പറഞ്ഞു: “ദുഃഖത്തിൽ കൂടെ നിന്നവരോടാണ് നന്ദി പറയുന്നത്; കൂടെയില്ലാത്തവരോട് ഒന്നും പറയാനില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളാണ് നേരിട്ടത്. കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു, ഇപ്പോൾ സൈബർ ആക്രമണങ്ങളില്ല. നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നത്.”

വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിയിരിക്കെ ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്ന കെ. നവീൻ ബാബു, കഴിഞ്ഞ വർഷം ഒക്ടോബർ 15ന് കണ്ണൂരിലെ താമസസ്ഥലത്ത് ജീവനൊടുക്കുകയായിരുന്നു. സി.പി.എം ജില്ല കമ്മിറ്റിയംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചിട്ടില്ലെന്നതാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

നവീന്റെ മരണത്തിലേക്ക് നയിച്ചത്, ഒക്ടോബർ 14ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ പ്രസംഗമാണെന്നാണ് കുറ്റപത്രം പറയുന്നത്. പമ്പിന്റെ എൻ.ഒ.സി. അനുവദിക്കുന്നതിൽ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് സഹപ്രവർത്തകർക്ക് മുന്നിൽ നടത്തിയ പ്രസംഗം നവീനെ ആഴത്തിൽ മനംനൊന്തുവെന്നാണ് കണ്ടെത്തൽ. ഇതിന് പിന്നാലെ നടന്ന സമരങ്ങൾക്കൊടുവിൽ ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നുമാണ് നീക്കിയത്.

റവന്യു, വിജിലൻസ് അന്വേഷണങ്ങൾ, പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് എന്നിവയിലൊന്നിലും കൈക്കൂലി ആരോപണത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല. പമ്പുടമ ടി.വി. പ്രശാന്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് നൽകിയ വ്യാജ കത്തും ബിനാമി ഇടപാടുകളും അന്വേഷണ വിധേയമായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് അന്വേഷണം “ആത്മഹത്യയാണോ അല്ലയോ” എന്നതിലേക്കാണ് ചുരുങ്ങിയതെന്നാണ് അവരുടേതായ നിലപാട്.

നവീന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിലും ഹരജി നൽകിയെങ്കിലും അത് തള്ളപ്പെട്ടതോടെ കുടുംബം വീണ്ടും തുടരന്വേഷണം ആവശ്യപ്പെട്ട് വിചാരണകോടതിയെ സമീപിച്ചു. പ്രതി പി.പി. ദിവ്യയെ ഡിസംബർ 16ന് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടിട്ടുണ്ട്.

Tag: One year since the death of former ADM K. Naveen Babu; Family demands further investigation into the case

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button