67-ാമത് സംസ്ഥാന സ്കൂൾ കായികമേള; സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കം

67-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. ഒളിംപിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ മഹാമേളയ്ക്കായി നടത്തുന്ന സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കമായി. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടിൽ നിന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച ഘോഷയാത്ര, സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തി ഒക്ടോബർ 21-ന് തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സമാപിക്കും.
ഇന്ന് കണ്ണൂർ (10.30), ഇരിട്ടി (12.00), മാനന്തവാടി (1.30), കൽപറ്റ (3.00) എന്നിവിടങ്ങളിലാണ് ഘോഷയാത്രയുടെ സ്വീകരണങ്ങൾ. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കായികതാരങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, കായികപ്രേമികൾ, പൊതുജനങ്ങൾ എന്നിവർ ആവേശപൂർവ്വം പങ്കെടുക്കും.
മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആയി നടി കീർത്തി സുരേഷും, ബ്രാൻഡ് അംബാസഡർ ആയി ക്രിക്കറ്റ് താരം സഞ്ജു സാംസണുമാണുള്ളത്. ഈ വർഷം ആദ്യമായി അവതരിപ്പിച്ച സ്വർണ്ണക്കപ്പ്, മേളയുടെ സമാപന ചടങ്ങിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് നൽകും.
ഈ വർഷം കായികമേളയ്ക്ക് വേദിയാകുന്നത് തലസ്ഥാന നഗരം തിരുവനന്തപുരം തന്നെയാണ്. ഒക്ടോബർ 21-ന് വൈകിട്ട് നാല് മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി മേള ഉദ്ഘാടനം ചെയ്യും. 4500 കുട്ടികളുടെ മാർച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും ഉദ്ഘാടനവേദിയെ നിറക്കും. മത്സരങ്ങൾ ഒക്ടോബർ 22 മുതൽ 12 വേദികളിലായി നടക്കും.
ഒരുക്കങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. വടംവലി ഉൾപ്പെടെ 12 മത്സരങ്ങൾ ഇവിടെ നടക്കും. അത്ലറ്റിക്സ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും, ത്രോ മത്സരങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും ആയിരിക്കും. സമാപനച്ചടങ്ങും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ്.
പന്തൽ കാൽനാട്ടൽ ചടങ്ങ് മന്ത്രി നിർവഹിച്ചു. ഭക്ഷ്യധാന്യ സംഭരണത്തിനും തുടക്കം കുറിച്ചു. മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ടെക്നിക്കൽ ഓഫീസർമാരെയും സെലക്ടർമാരെയും വളന്റിയർമാരെയും ഇതിനകം നിയോഗിച്ചു.
മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി 70 സ്കൂളുകളിൽ താമസ സൗകര്യവും, യാത്രയ്ക്കായി ബസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭക്ഷണത്തിന് പുത്തരിക്കണ്ടം ഉൾപ്പെടെ അഞ്ച് അടുക്കളകൾ സജ്ജീകരിച്ചു. പ്രധാന ഭക്ഷണവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Tag: 67th State School Sports Festival; Gold Cup proclamation procession begins today