keralaKerala NewsLatest News

ഭിന്നശേഷി അധ്യാപക നിയമനത്തിലെ സംവരണം; സർക്കാരിന്റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ

ഭിന്നശേഷി അധ്യാപക നിയമനത്തിലെ സംവരണ വിഷയത്തിൽ സർക്കാരിന്റെ സമവായ നിർദേശം തള്ളി ക്രൈസ്തവ സഭകൾ. എൻഎസ്എസിന് ലഭിച്ച അനുകൂല കോടതി ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ല എന്നതാണ് സഭകളുടെ എക്യുമെനിക്കൽ യോഗത്തിന്റെ നിലപാട്. കോടതിയെ സമീപിക്കുന്നതിന് പകരം സർക്കാർ ഉടൻ തന്നെ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ, ക്രൈസ്തവ സഭകളുടെ പ്രതിഷേധം ശമിപ്പിക്കാൻ സർക്കാർ സമവായ നീക്കം നടത്തിയിരുന്നു. ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന ആയിരുന്നു സർക്കാരിന്റെ തീരുമാനം. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ച ശേഷം മാത്രമേ നടപടി കൈക്കൊള്ളാനാകൂ എന്നതാണ് സർക്കാരിന്റെ നിലപാട്.

ആദ്യം ഈ തീരുമാനത്തെ കെസിബിസി സ്വാഗതം ചെയ്തിരുന്നു. ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയെ വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തു. ഇതോടെ പ്രശ്നം പരിഹരിച്ചുവെന്ന് സർക്കാർ കരുതിയിരുന്നെങ്കിലും, ഇന്ന് പാല ബിഷപ്പ് ഹൗസിൽ ചേർന്ന എക്യുമെനിക്കൽ യോഗം ആ നീക്കം തള്ളി.

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായ യോഗത്തിൽ ഓർത്തഡോക്സ്, മാർത്തോമ, യാക്കോബായ, സിറോ മലങ്കര, ക്നാനായ കത്തോലിക്ക, സിഎസ്ഐ, ക്നാനായ യാക്കോബായ, കൽദായ സഭകളിലെ ബിഷപ്പുമാർ പങ്കെടുത്തു. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചാൽ, നിയമനടപടികളാൽ തീരുമാനത്തിൽ വീണ്ടും താമസമുണ്ടാകുമെന്നും, അതുകൊണ്ട് തന്നെ ഉടൻ ഉത്തരവിറക്കണമെന്നുമാണ് സഭകളുടെ വാദം.

സഭകളുടെ ഈ പുതിയ നിലപാടോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായി. എൻഎസ്എസിന് ശേഷം ക്രൈസ്തവ സഭകളെയും അനുനയിപ്പിക്കാനാകുമെന്ന സർക്കാരിന്റെ പ്രതീക്ഷ തളർന്നു.

Tag: Reservation in appointment of differently-abled teachers; Christian churches reject government’s consensus proposal

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button