ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ; റാലികളും പൊതു കൂടിച്ചേരലുകളും അനുവദിക്കില്ല

ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രാകേഷ് കുമാർ ഉത്തരവ് പുറത്തിറക്കി. റാലികളും പൊതു കൂടിച്ചേരലുകളും നിരോധിക്കുന്നതാണ് ഉത്തരവിന്റെ ഉള്ളടക്കം. ഇന്ന് നിശബ്ദ പ്രതിഷേധം നടത്താനിരിക്കെ നിയന്ത്രണം ഏർപ്പെടുത്തിയതാണ്. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്നും, ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്, പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുത് എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സെപ്റ്റംബർ 24-ലെ സംഘർഷത്തെ തുടർന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ രണ്ട് ദിവസം മുമ്പ് മാത്രമാണ് പിൻവലിച്ചത്. എന്നാൽ, നാല് പേർ കൊല്ലപ്പെട്ട ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മൂന്ന് അംഗ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. മുൻ സെഷൻസ് ജഡ്ജി മോഹൻ സിംഗ് പരിഹാർ അധ്യക്ഷനാകുന്ന കമ്മീഷനിൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻ തുഷാർ ആനന്ദ് ഉൾപ്പെടുന്നു.
ലഡാക്കിലെ സംഘടനകളുടെയും സോനം വാങ്ചുക്കിന്റെയും ആവശ്യമനുസരിച്ചാണ് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തലും ആവശ്യപ്പെട്ട് സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തിനിടയിൽ പൊലീസ് ഇടപെടലാണ് സംഘർഷത്തിന് കാരണമായത്. സംഭവത്തിൽ 90-ലധികം പേർക്ക് പരിക്കേറ്റിരുന്നു.
Tag: Prohibitory orders again in Ladakh; Rallies and public gatherings will not be allowed