പിഎൻബി വായ്പ തട്ടിപ്പ്; മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബെല്‍ജിയം കോടതി ഉത്തരവ്

ശതകോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ് പുറപ്പെട്ടു. പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ചോക്സിയുടെ അറസ്റ്റ് ആന്റ്വെര്‍പ്പിലെ കോടതി ശരിവെച്ചതോടെയാണ് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടത്. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അവസരം നിലനിൽക്കുന്നതിനാൽ ചോക്സിയെ ഉടൻ ഇന്ത്യയിൽ എത്തിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. 15 ദിവസത്തിനകം ചോക്സിക്ക് ബെൽജിയൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാം.
PNBയിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് 13,000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസിലാണ് നടപടി. ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരം 2025 ഏപ്രിൽ 11-ന് ആന്റ്വെർപ്പ് പൊലീസ് മെഹുല്‍ ചോക്സിയെ അറസ്റ്റ് ചെയ്തിരുന്നു.
2018-ൽ തട്ടിപ്പ് വെളിപ്പെട്ടതിനു തൊട്ടുമുമ്പാണ് മെഹുല്‍ ചോക്സിയും അനന്തരവനായ നീരവ് മോദിയും രാജ്യം വിട്ടത്. 2017-ൽ ആന്റിഗ്വ ആൻഡ് ബാർബുഡ പൗരത്വം നേടിയ ചോക്സി, രക്താർബുദ ചികിത്സയ്ക്കായി ഭാര്യ പ്രീതി ചോക്സിയോടൊപ്പം ബെൽജിയത്തിൽ എത്തിയതായിരുന്നു. മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. അറസ്റ്റിനുശേഷം തുടർച്ചയായി തടവിൽ കഴിയുന്ന ചോക്സിയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി സമർപ്പിച്ച എല്ലാ ജാമ്യാപേക്ഷകളും കോടതി നിരസിച്ചിരുന്നു.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ, അഴിമതി തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇന്ത്യയിൽ ചോക്സിക്കെതിരെ ചുമത്തിയിരിക്കുന്നത്. വായ്പാ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ 2,565 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടുകയും പിന്നീട് ലേലം ചെയ്യാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. ചോക്സിയുടെ അനന്തരവനായ നീരവ് മോദിയും കേസിലെ സഹപ്രതിയാണ്.
Tag: PNB loan fraud: Belgian court orders extradition of Mehul Choksi to India