keralaKerala NewsLatest News

പിഎം- ശ്രീ പദ്ധതിയിൽ ഉൾപ്പെടാൻ സമ്മതമറിയിച്ച് സംസ്ഥാന സർക്കാർ

പിഎം- ശ്രീ പദ്ധതിയിൽ ഉൾപ്പെടാൻ സംസ്ഥാന സർക്കാർ സമ്മതമറിയിച്ചു. ഈ തീരുമാനം കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്. സിപിഐയുടെ എതിർപ്പ് തള്ളി വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. “സംസ്ഥാനത്തിന് അർഹമായ പദ്ധതിവിഹിതമാണ് ഇത്. ₹1476 കോടി രൂപ എന്തിന് കളയണം?” എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.

“സംസ്ഥാനത്തിനുള്ള ഫണ്ടുകൾ വെട്ടിക്കുറയ്ക്കാനുള്ള മാർഗങ്ങൾ കേന്ദ്രം അന്വേഷിക്കുകയാണ്. അതിൽ വീഴാനാണ് സംസ്ഥാനം താൽപര്യമില്ലാത്തത്,” എന്നും ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രിസഭയിൽ വിഷയം രണ്ടു തവണ ചർച്ചയായപ്പോൾ സിപിഐ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതുമൂലം ഇതുവരെ പദ്ധതിയിൽ ചേരാനുള്ള തീരുമാനം നീളുകയായിരുന്നു. ഇപ്പോഴാണ് സർക്കാർ എതിർപ്പുകൾ മറികടന്ന് മുന്നോട്ട് പോയത്.

കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നതിനായി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത ആഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയും സഹമന്ത്രിയെയും കാണാനാണ് വി. ശിവൻകുട്ടിയുടെ തീരുമാനം.

അതേസമയം, പിഎം-ശ്രീ പദ്ധതിയിൽ ചേരരുതെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. “വിദ്യാഭ്യാസരംഗത്ത് ആർഎസ്എസ് ആശയധാര പ്രാവർത്തികമാക്കാനുള്ള പദ്ധതിയാണ് എൻഇപി. ആകെ കരിക്കുലത്തെ ആർഎസ്എസ് കാഴ്ചപ്പാടിലേക്ക് മാറ്റാനുള്ള ശ്രമം കേന്ദ്രം നടത്തുന്നുണ്ട്. അതിലേക്ക് കേരളം ചേരാൻ പാടില്ല,” എന്നാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Tag: State government agrees to join PM-Shri scheme

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button