BusinessBusinessLatest News

പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം കുറയ്ക്കും; നിർമല സീതാരാമന് കത്തയച്ച് ജീവനക്കാർ

പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമന് കത്ത് അയച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ജീവനക്കാർ. ലയനവുമായി ബന്ധപ്പെട്ട വാർത്തകൾ ജീവനക്കാർക്കും, നിക്ഷേപകർക്കും, ഇടപാടുകാർക്കും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എംപ്ലോയീസ് ആൻഡ് ഓഫിസേഴ്സ് ഫെഡറേഷൻ കത്തിൽ ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവയിൽ ഒന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ലാഭം, വായ്പാവളർച്ച എന്നിവയിൽ കഴിഞ്ഞ വർഷങ്ങളിലുടനീളം മറ്റു ബാങ്കുകളെക്കാൾ മുന്നിലാണ് ബാങ്ക് എന്നതാണ് ജീവനക്കാരുടെ വാദം. ബാങ്ക് ഓഫ് മഹാരാഷ്ട്രയെ എസ്ബിഐയിൽ ലയിപ്പിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും, ധനമന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2026-27 ഓടെ ബാങ്ക് ലയനങ്ങൾ പൂർത്തിയാക്കാനുള്ളതാണ് കേന്ദ്രത്തിന്റെ പദ്ധതി. ലോകത്തിലെ മുൻനിര 20 ബാങ്കുകളുടെ പട്ടികയിൽ ഇന്ത്യയിലെ കുറഞ്ഞത് രണ്ട് പൊതുമേഖലാ ബാങ്കുകളെയെങ്കിലും ഉൾപ്പെടുത്തണമെന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിൽ. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്കാണ് മറ്റു പൊതുമേഖലാ ബാങ്കുകളെ സംയോജിപ്പിക്കാനിടയുള്ളത്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ എസ്ബിഐയിലേക്കും, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിലേക്കും, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിലേക്കും ലയിപ്പിക്കാനുള്ള ആലോചനയാണ് നിലവിലുള്ളത്. ഈ ലയനങ്ങളിലൂടെ വമ്പൻ പദ്ധതികൾക്കും ഇൻഫ്രാസ്ട്രക്ചർ വായ്പകൾക്കും കൂടുതൽ ശക്തി ലഭിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

നിലവിൽ എസ്ബിഐ ലോകത്തിലെ 100 മുൻനിര ബാങ്കുകളിൽ 47-ാം സ്ഥാനത്താണ്, ആദ്യ നാലു സ്ഥാനങ്ങൾ ചൈനീസ് ബാങ്കുകൾക്കാണ്. ഇതിന് പുറമെ, കനറാ എച്ച്എസ്ബിസിയും കനറാ റൊബെക്കോയും ഉടൻ ഐപിഒയുമായി രംഗത്തുവരും.

2017-ലാണ് ബാങ്ക് ലയന പ്രക്രിയ ആദ്യം ആരംഭിച്ചത്, തുടർന്ന് 2019-ൽ 27 പൊതുമേഖലാ ബാങ്കുകൾ 12 ആയി ചുരുക്കി. ഇപ്പോഴത്തെ നീക്കത്തിലൂടെ ഈ എണ്ണം മൂന്നായി ചുരുക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

Tag: Public sector banks will be merged again and their number will be reduced; Employees write to Nirmala Sitharaman

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button