‘ഏഴ് മിനിറ്റിനുള്ളിൽ കവർച്ച’; പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് നഷ്ടപ്പെട്ടത് ഒൻപത് ആഭരണങ്ങൾ

പാരീസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയെ തുടർന്ന് അന്വേഷണം ഊർജിതമാക്കി. വെറും ഏഴ് മിനിറ്റിനുള്ളിൽ നാലംഗ സംഘം കവർച്ച പൂർത്തിയാക്കിയതായാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് വ്യക്തമാക്കിയത്.
ലോകപ്രശസ്തനായ ലിയോനാർഡോ ഡാവിഞ്ചിയുടെ “മോണാലിസ” അടക്കം അനവധി വിലപ്പെട്ട കലാസൃഷ്ടികൾ സൂക്ഷിക്കുന്ന മ്യൂസിയത്തിലാണ് സംഭവം നടന്നത്. കവർച്ചയ്ക്ക് ശേഷം സംഘം സ്കൂട്ടറുകളിൽ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒൻപത് ആഭരണങ്ങളാണ് മ്യൂസിയത്തിൽ നിന്ന് നഷ്ടപ്പെട്ടതെന്ന് പ്രാഥമിക വിലയിരുത്തൽ. അതിൽ, നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ യൂജീൻ ചക്രവർത്തിനിയുടേതാണെന്ന് കരുതുന്ന കിരീടം, മ്യൂസിയത്തിന് പുറത്തായി വീണ നിലയിൽ കണ്ടെത്തി.
മോഷ്ടാക്കൾ ലിഫ്റ്റ് ഉപയോഗിച്ച് മ്യൂസിയത്തിൽ കയറുകയും, തുടർന്ന് ജനാലകൾ തകർത്താണ് അകത്തേക്ക് പ്രവേശിച്ചതെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഞായറാഴ്ച മുഴുവൻ ലൂവ്ര് മ്യൂസിയം അടച്ചിടേണ്ടി വന്നു. പ്രാദേശിക സമയം രാവിലെ ഒൻപതിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്ന്) തുറന്ന മ്യൂസിയത്തിൽ അരമണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു കവർച്ച നടന്നത്.
അപ്പോളോ ഗാലറിയിലാണ് കവർച്ച നടന്നത്. റീജന്റ്, സാൻസി, ഹോർടെൻഷ്യ എന്ന പേരുകളിലുള്ള മൂന്നു വിലപ്പെട്ട വൈരക്കല്ലുകളും കിരീടവുമാണ് ഇവിടെ പ്രദർശിപ്പിച്ചിരുന്നത്. ഗൗരവമേറിയ ഈ മോഷണം നടന്ന ലൂവ്ര് മ്യൂസിയം, പാരീസ് പൊലീസ് ആസ്ഥാനത്തുനിന്ന് വെറും 800 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സംഭവം രാജ്യത്താകെ വലിയ അത്ഭുതവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.
Tag: ‘Robbery in seven minutes’; Nine jewels missing from Louvre Museum in Paris