വെടിനിർത്തൽ കരാർ ലംഘനം; ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം

സമാധാന കരാറിനും വെടിനിർത്തൽ ഉടമ്പടിക്കും പിന്നാലെ ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുന്നു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷം കഴിഞ്ഞ ഒൻപത് ദിവസത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണങ്ങൾക്കാണ് ഞായറാഴ്ച ഗസ്സ സാക്ഷ്യം വഹിച്ചത്.
ഇസ്രായേൽ നിയന്ത്രിത പ്രദേശത്ത് സൈന്യത്തിനുനേരെ ഹമാസ് വെടിവെച്ചുവെന്ന ആരോപണത്തിന്റെ പേരിൽ റഫ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 42 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന് കരുതി വീടുകളിലേക്ക് മടങ്ങിയെത്തിയ ഫലസ്തീനികൾ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങൾ നടന്നത്. വീടുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവിടങ്ങൾ ആക്രമിക്കപ്പെട്ടതോടെ അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിൽ നേടിയ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്ചിതമായി.
ഇസ്രായേൽ സൈന്യം ‘എക്സ്’ (മുൻ ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ വ്യോമാക്രമണങ്ങൾ സ്ഥിരീകരിച്ചു. ഹമാസ് കരാർ ലംഘിച്ചതിനുള്ള മറുപടിയാണ് ആക്രമണം എന്നാണ് സൈന്യത്തിന്റെ വാദം. ആക്രമണങ്ങളുടെ ദൃശ്യങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. ബൈത് ലാഹിയയിലെ ‘യെല്ലോ ലൈൻ’ മേഖലയിൽ ഹമാസ് അതിക്രമിച്ച് കടന്നുവെന്നുമാണ് ഇസ്രായേൽ ആരോപിക്കുന്നത്.
അതേസമയം, ഹമാസ് ഈ ആരോപണം നിഷേധിച്ചു. തങ്ങൾ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്നും, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആരോപണങ്ങൾ യാഥാർത്ഥ്യവിരുദ്ധമാണെന്നും ഖസ്സം ബ്രിഗേഡിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. റഫ അതിർത്തിയോട് ചേർന്ന് നടന്ന ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ വാദിച്ചിട്ടുണ്ടെങ്കിലും, ആ പ്രദേശം ഇസ്രായേൽ നിയന്ത്രണത്തിലുള്ളതാണെന്നും ഹമാസ് വ്യക്തമാക്കി.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നശേഷം 80 തവണയ്ക്കുമുകളിൽ ഇസ്രായേൽ ലംഘനം നടത്തിയതായും, ഇതുവരെ 97 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും, 230ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അൽ ജസീറ പ്രതിനിധി ഹനി മഹ്മൂദ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, തുടർച്ചയായ വ്യോമാക്രമണങ്ങൾ ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനങ്ങൾ വലിയ ഭയാവസ്ഥയിലാണ്. ഞായറാഴ്ച മാത്രം 20ഓളം വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. രണ്ടുവർഷം നീണ്ടുനിന്ന യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളുടെ മുകളിലേക്ക് വീണ്ടും മിസൈലുകൾ പതിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലൂടെ പുറത്തുവന്നു.
മധ്യ ഗസ്സയിലെ അസ്സുവൈദയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും, നിരവധി പേർക്ക് പരിക്കേറ്റതായും അൽ അഖ്സ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നുസൈറത് അഭയാർത്ഥി ക്യാമ്പിലുണ്ടായ മറ്റൊരു ആക്രമണത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു.
ആക്രമണങ്ങൾക്ക് പിന്നാലെ, വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായാണ് ഇസ്രായേൽ പിന്നീട് അറിയിച്ചത്. ഹമാസ് വീണ്ടും കരാർ ലംഘിച്ചാൽ “ഇനിയും ശക്തമായി നേരിടും” എന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്.
അതേസമയം, റഫ അതിർത്തി തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. “ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അതിർത്തി തുറക്കില്ല” എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഞായറാഴ്ച വ്യക്തമാക്കി.
Tag; Ceasefire violation; Israel attacks Gaza again