സലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചു
സലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചു. പാലക്കാട് യാക്കര കടന്തുരുത്തി സ്വദേശി എസ്. സാനു (47) ആണ് മരിച്ചത്. സലൂർ വ്യോമസേനാ താവളത്തിൽ സുരക്ഷാ ഡ്യൂട്ടിയിലിരിക്കെ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.ഞായറാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
13-ാം നമ്പർ പോസ്റ്റിൽ ഡ്യൂട്ടിക്ക് എത്തിയിട്ട് വെറും പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ദുരന്തം. ഡ്യൂട്ടിക്കിടെ ഉപയോഗിച്ചിരുന്ന എകെ–103 റൈഫിള്‍ ഉപയോഗിച്ചാണ് അദ്ദേഹം വെടിയുതിർത്തത്. പ്രാഥമിക വിലയിരുത്തൽ പ്രകാരം ജോലി സമ്മർദ്ദമാണ് മരണത്തിന് കാരണം എന്ന് പൊലീസ് അറിയിച്ചു.
രണ്ടാഴ്ച മുൻപ് അവധിയിലായിരിക്കെ സാനു മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയതായും, ഡോക്ടർ മരുന്നും വിശ്രമവും നിർദേശിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. എന്നാൽ മരുന്ന് കൃത്യമായി കഴിക്കാതിരുന്നതായും, മാനസിക സമ്മർദ്ദം കൂടിയതായി രണ്ടുദിവസം മുൻപ് വീഡിയോ കോളിലൂടെ ഭാര്യയോട് പറഞ്ഞിരുന്നുവെന്നും സലൂർ പൊലീസ് വ്യക്തമാക്കി.
വെടിശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ജവാൻ, സാനു മുകളിൽ നിന്ന് താഴേക്ക് വീഴുന്നത് കണ്ട് ഉടൻ മേലധികാരികളെ വിവരം അറിയിച്ചു. മെഡിക്കൽ സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സാനു മരിച്ചെന്ന് സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം ഇ.എസ്.ഐ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് കൈമാറി.
Tag: Security guard shoots himself dead at Salur Air Force Base