”പ്രസ്താവനയിൽ നിന്ന് പിന്മാറില്ല, രഹന ഫാത്തിമയും ബിന്ദു അമ്മിണിയും മലകയറാൻ എത്തിയപ്പോൾ പൊറോട്ടയും ബീഫും വാങ്ങി” എൻ.കെ. പ്രേമചന്ദ്രൻ എം.പി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനയിൽ നിന്ന് പിന്മാറാൻ തയാറല്ലെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി വ്യക്തമാക്കി. രഹന ഫാത്തിമയും ബിന്ദു അമ്മിണിയും മലകയറാൻ എത്തിയപ്പോൾ പൊറോട്ടയും ബീഫും വാങ്ങിയതായാണ് വിശ്വസനീയമായ വിവരം ലഭിച്ചതെന്നും അദ്ദേഹം ആവർത്തിച്ചു.
ഈ അഭിപ്രായം നേരത്തെ പാർട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചതായും പ്രേമചന്ദ്രൻ ഓർമ്മപ്പെടുത്തി. “വി.ഡി. സതീശനും ഷിബു ബേബി ജോണും പറയുമ്പോൾ പ്രശ്നമില്ല, പക്ഷേ ഞാൻ പറഞ്ഞപ്പോൾ അത് വർഗീയതയായി,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “എന്റെ പ്രസ്താവന സിപിഐഎമ്മിനെ വേദനിപ്പിച്ചതിൽ സന്തോഷമുണ്ട്. സൈബർ ആക്രമണങ്ങളിലൂടെ ഭീഷണിപ്പെടുത്തിയാലും ഞാൻ എന്റെ നിലപാട് മാറ്റില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.
വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഐഎമ്മാണെന്നും, താനെ സംഘപരിവാർ അനുകൂലിയായി ചിത്രീകരിക്കാനുള്ള ശ്രമം പാർട്ടി നടത്തുന്നുവെന്നും എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു. “ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കാനാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്,” എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ കുടുംബം കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. “അമിത് ഷായുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകൾ ഇതിന് തെളിവാണ്. കേരളത്തിൽ ബിജെപിക്ക് അധികാരത്തിലെത്താനുള്ള വഴിയാണ് പിണറായി വിജയൻ ഒരുക്കുന്നത്,” എന്നും ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
Tag: I will not back down from my statement, when Rehana Fathima and Bindu Ammini came to climb the mountain, they bought parot and beef