രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും; നാളെ ശബരിമല ദർശനം

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. നാല് ദിവസത്തെ കേരള സന്ദർശനത്തിന്റെ ഭാഗമായി നാളെ ശബരിമല ദർശനം നടത്തും. ഇതോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണമുണ്ടാകും. ശബരിമല സന്ദർശനത്തിൻ്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തീർഥാടകർക്ക് നാളെ നിയന്ത്രണമേർപ്പെടുത്തും.
തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 8 മണി വരെയും നാളെ രാവിലെ 6.00 മണി മുതൽ രാത്രി 10 മണി വരെയും മറ്റന്നാൾ രാവിലെ 6.00 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 8 മണി വരെ ശംഖുംമുഖം- ആൾസെയിൻ്റ്- ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ – വേൾഡ്‍വാർ – മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡരികിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിലാണ് രാഷ്ട്രപതി നിലയ്ക്കലിലേക്ക് പോവുക. തുടർന്ന് റോഡ് മാർഗം പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ട് നിറച്ച ശേഷം, പ്രത്യേക ഗൂർഖാ ജീപ്പിൽ അകമ്പടി വാഹനവ്യൂഹം ഒഴിവാക്കിയാണ് മലകയറുക. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് മലകയറ്റം. ഗവർണറും ഭാര്യയും രാഷ്ട്രപതിക്ക് ഒപ്പമുണ്ടാകും.
Tag: President Draupadi Murmu to arrive in Kerala today; will visit Sabarimala tomorrow