keralaKerala NewsLatest News

ശബരിമല സ്വർണപ്പാളി കേസ്: ഗൂഢാലോചനയും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്; എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചു

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ ഗൂഢാലോചന സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ നിർദ്ദേശം.

ശബരിമല ദേവസ്വം ബെഞ്ചിലെ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടച്ചിട്ട കോടതിമുറിയിൽ രഹസ്യമായിട്ടായിരുന്നു കോടതി നടപടികൾ നടന്നത്. റിപ്പോർട്ടിനെ സംബന്ധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതിന്റെ പൂർണരൂപം ഇതുവരെ പുറത്തുവന്നിട്ടില്ല. കേസ് ഇനി നവംബർ 15-ന് വീണ്ടും പരിഗണിക്കും.

നേരത്തെ ആറാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി അറിയിക്കാനും ഹൈക്കോടതി എസ്ഐടിക്ക് നിർദേശം നൽകിയിരുന്നു. ശബരിമലയിലെ വിലപ്പെട്ട വസ്തുക്കളുടെ കണക്കെടുക്കാൻ കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ.ടി. ശങ്കരനും കേസിൽ ഇടക്കാല റിപ്പോർട്ട് നൽകുന്നുണ്ട്.

ദ്വാരപാലകശിൽപത്തിലെ സ്വർണപ്പാളികൾ കാണാതായതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടി ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിനായി ഹൈക്കോടതി എസ്ഐടിക്ക് രൂപം നൽകിയത്. ദ്വാരപാലക ശിൽപത്തിനു പുറമെ, കട്ടിളയിലെ സ്വർണപ്പാളി സംബന്ധിച്ചും അന്വേഷിക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം.

2019 ജൂലൈ 19, 20 തീയതികളിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. എന്നാൽ, മഹസറിൽ ഇത് ചെമ്പ് പാളി എന്നാണു രേഖപ്പെടുത്തിയിരുന്നത്. ഇതേ മാതൃകയിലുള്ള നിരവധി ക്രമക്കേടുകൾ വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് എസ്ഐടി ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സ്വർണപ്പാളി വിഷയത്തിൽ താൻ മാത്രമല്ല, ദേവസ്വം ബോർഡിലെ ഉന്നതരും ഉദ്യോഗസ്ഥരുമെല്ലാം ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട് എന്നാണ് സൂചനകൾ.

സ്വർണപ്പാളി കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത സുഹൃത്തായ അനന്തസുബ്രഹ്മണ്യം ഉൾപ്പെടെയുള്ള കൂട്ടാളികൾക്കും ഇടപാടിൽ പങ്കുണ്ടെന്നാണ് കരുതുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം 2019-ൽ സ്വർണപ്പാളികൾ ഏറ്റുവാങ്ങി മഹസറിൽ ഒപ്പുവച്ചത് അനന്ത സുബ്രഹ്മണ്യമായിരുന്നു. ഇയാളെ എസ്ഐടി ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം രാത്രിയോടെ വിട്ടയച്ചു.

Tag: Sabarimala Swarnapali case: High Court orders investigation into conspiracy; SIT submits report

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button