indiaLatest NewsNationalNewsUncategorized

ബിഹാർ തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിൽ സീറ്റ് വിഭജന തർക്കം രൂക്ഷം; 12 മണ്ഡലങ്ങളിൽ പരസ്പരം പോരാട്ടം ഉറപ്പായി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, സീറ്റ് വിഭജനത്തിലെ തർക്കങ്ങൾ മഹാസഖ്യത്തിൽ (മഹാ​ഗഡ്ബന്ധൻ) പ്രതിസന്ധി സൃഷ്ടിക്കുന്നു. സഖ്യത്തിലെ പ്രധാന പാർട്ടികൾ വെവ്വേറെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ, 12 മണ്ഡലങ്ങളിൽ സഖ്യകക്ഷികൾ നേരിട്ട് ഏറ്റുമുട്ടേണ്ട സ്ഥിതിയായി.

ആറ് സീറ്റുകളിൽ ആർജെഡിയും കോൺഗ്രസും പരസ്പരം മത്സരിക്കുമ്പോൾ, സിപിഐയും കോൺഗ്രസും നാല് മണ്ഡലങ്ങളിൽ നേർക്കുനേർ വരും. മുകേഷ് സഹാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടിയും (വിഐപി) ആർജെഡിയും രണ്ട് സീറ്റുകളിലും (ചെയിൻപൂർ, ബാബുബർഹി) ഏറ്റുമുട്ടും.

തിങ്കളാഴ്ച ആർജെഡി 143 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയതോടെയാണ് ഈ ചിത്രം വ്യക്തമായത്. ഇതിൽ ആറ് സീറ്റുകളിൽ കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. വൈശാലി, സിക്കന്ദ്ര, കഹൽഗാവ്, സുൽത്താൻഗഞ്ച്, നർക്കതിയാഗഞ്ച്, വാർസലിഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് ആർജെഡിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ മത്സരം നടക്കുക. ബച്വാര, രാജപാക്കർ, ബീഹാർ ഷെരീഫ്, കാർഘർ എന്നിവിടങ്ങളിൽ സിപിഐയും കോൺഗ്രസുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

രണ്ടാം ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ 23-ഓടെ ഈ അനിശ്ചിതത്വം നീങ്ങുമെന്നാണ് പ്രതീക്ഷ. എന്നാൽ, ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ബച്വാര, രാജപാക്കർ, ബീഹാർ ഷെരീഫ് എന്നിവിടങ്ങളിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇതിനകം അവസാനിച്ചു കഴിഞ്ഞതിനാൽ ഇവിടെ സഖ്യകക്ഷികൾ തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഉറപ്പായി.

പ്രതിപക്ഷ സഖ്യം നീണ്ട യോഗങ്ങളും ചർച്ചകളും നടത്തിയെങ്കിലും സീറ്റ് വിഭജനത്തിലെ കുഴപ്പങ്ങൾ പരിഹരിക്കപ്പെട്ടില്ല. രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 20-ന് അവസാനിച്ചിട്ടും, മഹാസഖ്യം സീറ്റ് വിഭജന ക്രമീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മഹുവയിൽ ആർജെഡി, ലാലു പ്രസാദിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെതിരെ മുകേഷ് റൗഷനെയാണ് മത്സരിക്കുന്നത്. ഈ വർഷം ആദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട തേജ് പ്രതാപ് ‘ജനശക്തി ജനതാദൾ’ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിക്കുകയായിരുന്നു.

മഹാസഖ്യത്തിലെ ആഭ്യന്തര സംഘർഷം പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും ഇത് നിരവധി മണ്ഡലങ്ങളിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ഗുണം ചെയ്യുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വിഷയത്തിൽ രൂക്ഷ വിമർശനവുമായി ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മേധാവി ചിരാഗ് പാസ്വാൻ രംഗത്തെത്തി. എൻഡിഎക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന സീറ്റുകളിൽ മഹാസഖ്യം ‘വാക്ക് ഓവർ’ നൽകിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 29 സീറ്റുകളിലാണ് പാസ്വാന്റെ പാർട്ടി മത്സരിക്കുന്നത്. സൗഹൃദ പോരാട്ടം എന്നൊന്നില്ലെന്നും എല്ലാവരും ജയിക്കാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tag: Bihar elections; Seat-sharing dispute intensifies in grand alliance; Fight between each other is certain in 12 constituencies

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button