നവി മുംബൈയിൽ തീവ്ര ദുരന്തം; വാശിയിലെ തീപിടിത്തത്തിൽ മലയാളി കുടുംബം ഉൾപ്പെടെ നാല് മരണം; കാമോഠെയിൽ രണ്ട് മരണം
നവി മുംബൈയെ നടുക്കി തുടർച്ചയായ തീപിടിത്തങ്ങൾ. വാശി സെക്ടർ 14-ലെ ഒരു കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്നംഗ മലയാളി കുടുംബം ഉൾപ്പെടെ നാല് പേർ മരിച്ചു. ഇതിന് പിന്നാലെ കാമോഠെയിലുണ്ടായ മറ്റൊരു തീപിടിത്തത്തിൽ രണ്ട് പേർ കൂടി മരിച്ചു.
വാശിയിലെ എം.ജി. കോംപ്ലക്സിലെ രാഹേജ കെട്ടിടസമുച്ചയത്തിലെ ‘ബി’ വിങ്ങിലുണ്ടായ തീപിടിത്തത്തിലാണ് ദുരന്തം. തിരുവനന്തപുരം സ്വദേശികളായ സുന്ദർ രാമകൃഷ്ണൻ, ഭാര്യ പൂജ രാജൻ, മകൾ വേദിക (ആറ് വയസ്സ്) എന്നിവരാണ് മരിച്ച മലയാളികൾ. കമല ഹിരാൽ ജെയിൻ (84) ആണ് മരിച്ച മറ്റൊരാൾ.
രാത്രി 12:40-നാണ് കെട്ടിടത്തിലെ പത്താം നിലയിൽ തീപിടിത്തമുണ്ടായത്. എ.സി.യിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. മിനിറ്റുകൾക്കകം തീ 11-ഉം 12-ഉം നിലകളിലേക്ക് വ്യാപിച്ചു. മൂന്നംഗ മലയാളി കുടുംബം ഫ്ലാറ്റിൽ കുടുങ്ങുകയായിരുന്നു. ടയർ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സുന്ദർ രാമകൃഷ്ണനും ഭാര്യ പൂജയും മുംബൈയിൽ ജനിച്ചു വളർന്നവരാണ്.
അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ എത്തിയാണ് പുലർച്ചെ നാലുമണിയോടെ തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ 11 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വാശി മുനിസിപ്പൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഉച്ചയോടെ മാതാപിതാക്കളുടെ ഫ്ലാറ്റിൽ കൊണ്ടുവന്നു. സംസ്കാരം വൈകുന്നേരം തുർഭേ ഹിന്ദു ശ്മശാനത്തിൽ നടക്കും. വാശി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാമോഠെയിലെ സെക്ടർ 36-ലുള്ള അംബെ ശ്രദ്ധ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഒരു അപ്പാർട്ട്മെന്റിലെ മൂന്നാം നിലയിലാണ് രണ്ടാമത്തെ തീപിടിത്തമുണ്ടായത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സ്ഫോടനം. ഇവിടെ അമ്മയും മകളുമാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. മറ്റു കുടുംബാംഗങ്ങളെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
Tag: Massive tragedy in Navi Mumbai; Four including a Malayali family killed in fire in Vashi; Two killed in Kamothe