‘ഓപ്പറേഷൻ സിന്ദൂർ’ പൊട്ടാത്ത പാകിസ്ഥാൻ മിസൈൽ ഡിആർഡിഒയുടെ കൈയ്യിൽ

ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ സംവിധാനങ്ങളുടെ ശേഷി ലോകത്തിന് മുന്നിൽ തെളിയിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്താണ് ഇന്ത്യയുടെ ആയുധ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ച ഒരു അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. പാക്കിസ്ഥാൻ വ്യോമസേന പ്രയോഗിച്ചതും എന്നാൽ പൊട്ടിത്തെറിക്കാതെ അവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്ത ഒരു ചൈനീസ് നിർമ്മിത മിസൈൽ, ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന് (ഡിആർഡിഒ) ലഭിച്ചതാണ് നിർണായകമായ വഴിത്തിരിവായത്.
പഞ്ചാബിലെ ഹോഷിയാർപൂരിനടുത്തുള്ള ഒരു പാടത്തു നിന്നാണ് ചൈനയുടെ പിഎൽ-15ഇ (PL-15E) എന്ന ലോംഗ് റേഞ്ച് എയർ-ടു-എയർ മിസൈലിന്റെ (BVRAAM) അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ മിസൈലിന് സ്വയം-നശീകരണ സംവിധാനം (self-destruct mechanism) ഇല്ലാത്തതുകൊണ്ടാണ് അത് പൊട്ടിത്തെറിക്കാതെ ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാക്കിസ്ഥാൻ എയർഫോഴ്‌സിന്റെ (പിഎഎഫ്) ജെഎഫ്-17 (JF-17) അല്ലെങ്കിൽ ജെ-10സി (J-10C) യുദ്ധവിമാനത്തിൽ നിന്ന് തൊടുത്തുവിട്ടതാകാം ഈ മിസൈൽ എന്നാണ് അനുമാനം. ചൈനീസ് എയർബോൺ മിസൈൽ അക്കാദമി (CAMA) വികസിപ്പിച്ച പിഎൽ-15ഇ മിസൈലിന്റെ എക്‌സ്‌പോർട്ട് പതിപ്പാണിത്. നിലവിൽ പാക്കിസ്ഥാൻ എയർഫോഴ്‌സ് മാത്രമാണ് ഈ മിസൈൽ ഉപയോഗിക്കുന്ന ഏക ഓപ്പറേറ്റർ.
ഈ ചൈനീസ് മിസൈൽ കണ്ടെത്തിയതോടെയാണ് ഇന്ത്യയ്ക്ക് സാങ്കേതികമായി നിർണായക നേട്ടമുണ്ടായത്. ലഭിച്ച മിസൈലിനെക്കുറിച്ചുള്ള വിശകലന റിപ്പോർട്ട് ഡിആർഡിഒ പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചെങ്കിലും ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഈ മിസൈലിന്റെ സാങ്കേതികവിദ്യകൾ ഡിആർഡിഒ ശാസ്ത്രജ്ഞർ സൂക്ഷ്മമായി പഠിച്ചെന്നാണ് സൂചന.
മിസൈലിൽ മിനിയേച്ചർ ആക്ടീവ് ഇലക്ട്രോണിക് സ്കാൻ ചെയ്ത അറേ (AESA) റഡാർ, 5 മാക് വേഗത നിലനിർത്താൻ കഴിയുന്ന പ്രൊപ്പല്ലന്റുകൾ, കൂടാതെ ജാമിങ് വിരുദ്ധ ശേഷി (anti-jamming capabilities) എന്നിവ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉണ്ടായിരുന്നുവത്രെ.
പാക്കിസ്ഥാൻ കൂടുതൽ നൂതന അൾട്രാ-ലോംഗ് റേഞ്ച് എയർ-ടു-എയർ മിസൈലായ പിഎൽ-17 ചൈനയിൽ നിന്ന് വാങ്ങാൻ പദ്ധതിയിടുന്നതിനിടയിലാണ് ഈ നിർണായക കണ്ടെത്തൽ ഇന്ത്യയ്ക്ക് സാങ്കേതിക മേൽക്കോയ്മ നേടിക്കൊടുക്കാൻ സഹായിക്കുന്നത്.
Tag: DRDO receives unexploded Pakistani missile from ‘Operation Sindoor’