keralaKerala NewsLatest News

അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു, എസ്.പി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. കോഴിക്കോട് റൂറൽ എസ്.പി. ഉൾപ്പെടെ 20-ൽ അധികം പോലീസുകാർക്കും നിരവധി നാട്ടുകാർക്കും പരിക്കേറ്റു.

ഫാക്ടറിക്കെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. കല്ലേറിൽ താമരശ്ശേരി എസ്.എച്ച്.ഒ. ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. കല്ലേറുണ്ടായതോടെ പോലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പരിക്കേറ്റ എസ്.പി.യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. നേരത്തെയും ഫാക്ടറിക്കെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നെങ്കിലും ഇത്രയും വലിയ സംഘർഷത്തിലേക്ക് എത്തുന്നത് ഇത് ആദ്യമായാണ്.

സംഘർഷത്തിനിടെ ഫാക്ടറിയിൽ നിന്ന് ഇപ്പോഴും തീ ഉയരുകയാണ്. തീ അണയ്ക്കാൻ പുറപ്പെട്ട ഫയർഫോഴ്‌സിന്റെ വാഹനം സമരക്കാർ തടഞ്ഞതിനാൽ അവർക്ക് ഫാക്ടറിയിൽ എത്താനായിട്ടില്ല. ഇതോടെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത സ്ഥിതിയാണ്.

താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ പ്രദേശവാസികൾ ഏറെ നാളായി സമരത്തിലാണ്. ഇവിടെ നിന്ന് വമിക്കുന്ന ദുർഗന്ധം മൂന്ന് പഞ്ചായത്തുകളിലെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Tag: Protest against slaughterhouse waste management; Thamarassery Fresh Cut Factory set on fire, several people including SP injured

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button