ഫ്രഷ് കട്ട് സംഘർഷം:ഡിവൈഎഫ്ഐ നേതാവ് അടക്കം 361 പേർക്കെതിരെ കേസ്

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഘർഷമുണ്ടാക്കിയതിലാണ് 321 പേർക്കെതിരെ കേസ്. കേസിൽ മൂന്ന് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
സംഘർഷത്തിന് പുറമെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് തീയിട്ട സംഭവത്തിൽ 30 പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്നർ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതിൽ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
തിരുവമ്പാടി സ്റ്റേഷനിലെ എഎസ്ഐയെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മൊബൈലിൽ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച എഎസ്ഐയെ അക്രമിച്ചെന്നും 45000 രൂപയുടെ മൊബൈൽ കവർച്ച ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.ഫ്രഷ് കട്ടിൽനിന്ന് ഒഴുക്കിവിടുന്ന ഇരുതുള്ളി പുഴയോരത്ത് ഇന്ന് ജനകീയ ഹർത്താലാണ്. ഇരുതുള്ളി പുഴ കടന്നുപോകുന്ന വാർഡുകളിലും വിവിധ പഞ്ചായത്തുകളിലുമാണ് ഹർത്താൽ. ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കടവ് എന്നിവിടങ്ങളിലും താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ.
ഇന്നലെ വൈകീട്ടാണ് കട്ടിപ്പാറയിലെ ഫ്രഷ് കട്ടിന്റെ അറവുമാലിന്യ സംസ്കരണ പ്ലാന്റിന് മുന്നിൽ സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്.നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘർഷത്തിലെത്തുന്നത്.
Tag: Fresh Cut Conflict: Case filed against 361 people including DFI leader