കോഴി മാലിന്യ സംസ്കരണത്തിൽ വലഞ്ഞ് 4000 കുടുംബങ്ങൾ, നാറ്റം കാരണം പുഴയും നാടും മലിനമാക്കിയതോടെ സമരം
കോഴി മാലിന്യം സംസ്കരിക്കുന്നതിനുള്ള ജില്ലയിലെ ഏക പ്ലാന്റാണിത്.

സംയുക്ത ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 5 വർഷത്തിലധികമായി താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിലെ ഇറച്ചിപ്പാറയിലാണ് ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ് നാട്ടുകാരുടെ സമരം നടക്കുന്നുണ്ട്. കോഴി മാലിന്യം സംസ്കരിക്കുന്നതിനുള്ള ജില്ലയിലെ ഏക പ്ലാന്റാണിത്. ഇരുതുള്ളിപ്പുഴ മലിനമാകുന്നുവെന്നും നാറ്റം കാരണം 4000ൽ പരം കുടുംബങ്ങൾക്കു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണന്നും പറഞ്ഞാണു നാട്ടുകാർ സമരത്തിനിറങ്ങിയത്. തൊട്ടടുത്തുള്ള താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തുകളിൽ നിന്നുള്ളവരും പ്ലാന്റിനെതിരാണ്.
കഴിഞ്ഞമാസം 7ന് നാട്ടുകാർ ഫാക്ടറിക്കു മുന്നിൽ രാത്രിയും പകലും പ്രതിഷേധിക്കുകയും മാലിന്യവുമായെത്തിയ വാഹനങ്ങൾ തടയുകയും ചെയ്തു. പിറ്റേന്ന്, കലക്ടർ സ്നേഹിൽ കുമാർ സിങ് അനുരഞ്ജന യോഗം വിളിച്ചുവെങ്കിലും അലസിപ്പിരിഞ്ഞു. അനുവദനീയമായതിന്റെ പത്തിരട്ടി കോഴി മാലിന്യം സംസ്കരിക്കുന്നതിനാലാണു പരിസരവും പുഴയും മലിനപ്പെട്ടതെന്നാണു നാട്ടുകാരുടെ ആരോപണം. ദിവസവും 20 ടൺ ആണു പ്ലാന്റിന്റെ ശേഷി. എന്നാൽ, 200 ടൺ കോഴിമാലിന്യമാണു പ്ലാന്റിൽ സംസ്കരിക്കുന്നതെന്ന് സമിതിയുടെ ചെയർമാൻ ബാബു കുടുക്കിൽ പറയുന്നു.
പ്രക്ഷോഭത്തെ തുടർന്നു കഴിഞ്ഞ മേയിൽ ഒരു മാസത്തോളം പ്ലാന്റ് അടച്ചിരുന്നു. പരിസരമലിനീകരണം പരിഹരിക്കാമെന്നു കമ്പനി ഉറപ്പു നൽകിയ ശേഷമാണു തുറന്നത്. എന്നാൽ, ഉറപ്പു പാലിച്ചില്ലെന്നു സംരക്ഷണ സമിതി പ്രവർത്തകർ ആരോപിച്ചു. സ്ഥാപനത്തിന്റെ ലൈസൻസ് കട്ടിപ്പാറ പഞ്ചായത്ത് പുതുക്കിയില്ലെങ്കിലും ജില്ലാതല ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുവാദത്തോടെയാണു പ്രവർത്തനം തുടരുന്നത്. കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണവുമുണ്ട്.
അതിനിടെയാണ് ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട സമരസമിതി ഭാരവാഹികളായ 2 പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഇത് വൻ പ്രതിഷേധത്തിനു കാരണമായി.
tag:4000 families entangled in chicken waste management, protests as rivers and land were polluted due to the plant