സെമിയിലേക്ക് നിർണായക പോരാട്ടം: ഇന്ത്യൻ വനിതകൾ നാളെ ന്യൂസിലൻഡിനെതിരെ

വനിതാ ഏകദിന ലോകകപ്പിൽ തുടർച്ചയായ മൂന്ന് തോൽവികൾ വഴങ്ങിയ ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ എത്താതെ പുറത്താകലിന്റെ വക്കിലാണ്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ശക്തരായ ടീമുകളോട് തോൽവി സമ്മതിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ അനായാസം ജയിക്കാമായിരുന്ന മത്സരം അവസാന ഓവറുകളിൽ കൈവിട്ടത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ നേരത്തെ തന്നെ സെമിയിൽ പ്രവേശിച്ചിരുന്നു. നിലവിൽ ഓസിക്കും ഇംഗ്ലണ്ടിനും 9 പോയിന്റ് വീതവും ദക്ഷിണാഫ്രിക്കക്ക് 10 പോയിന്റുമാണുള്ളത്.
അവസാന സെമി സ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യ – കിവീസ് പോരാട്ടം
സെമി ഫൈനലിൽ ഇനി അവശേഷിക്കുന്നത് ഒരേയൊരു സ്ഥാനമാണ്. അതിനുവേണ്ടിയുള്ള പ്രധാന പോരാട്ടം ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ്. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ ഇരു ടീമുകൾക്കും നാല് പോയിന്റ് വീതമാണുള്ളത്. ഇരുവർക്കും ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്.
നാളെ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം സെമി സാധ്യതകൾക്ക് നിർണായകമാണ്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് വഴി എളുപ്പമാകും. ഇന്ത്യയുടെ അവസാന മത്സരം ദുർബലരായ ബംഗ്ലാദേശിനെതിരെയാണ് (26ന്). ന്യൂസിലൻഡിന്റെ അവസാന എതിരാളികൾ കരുത്തരായ ഇംഗ്ലണ്ടാണെന്നതും ഇന്ത്യക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്. നിലവിൽ നെറ്റ് റൺ റേറ്റിലെ നേട്ടവും ഇന്ത്യക്കൊപ്പമാണ്.
tag: Decisive battle for the semifinals: Indian women face New Zealand tomorrow



