keralaKerala NewsLatest News

നിലപാടിൽ മാറ്റമില്ല; പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിർക്കുന്നുവെന്ന് സിപിഐ

പിഎം ശ്രീ പദ്ധതിക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് സി.പി.ഐ. ആവർത്തിച്ചു. പദ്ധതിയെ ശക്തമായി എതിർക്കുന്നത് തുടരാനാണ് സി.പി.ഐ. എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ നിലപാടിന് സി.പി.ഐ. സെക്രട്ടേറിയേറ്റിൻ്റെയും എക്സിക്യൂട്ടീവിൻ്റെയും പൂർണ്ണ പിന്തുണ ലഭിച്ചു.

മന്ത്രിസഭയിൽ ചർച്ച വരുമ്പോൾ ശക്തമായി എതിർക്കാൻ ബിനോയ് വിശ്വം സി.പി.ഐ. മന്ത്രിമാർക്ക് നിർദേശം നൽകി. പി.എം. ശ്രീ പദ്ധതിക്കെതിരെ ശക്തമായ പോരാട്ടം ആവശ്യമാണെന്ന് സി.പി.ഐ. ദേശീയ നേതൃത്വവും വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ പറഞ്ഞു. ജനാധിപത്യത്തെ തകർക്കുന്ന ഏത് നീക്കത്തെയും ശക്തമായി എതിർക്കണം. സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്, ഇതിനെ എതിർക്കണം, അതാണ് പാർട്ടിയുടെ നിലപാട്. കേരളത്തിലെ വിഷയം സംസ്ഥാന കമ്മിറ്റിയും എൽ.ഡി.എഫും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.

പി.എം. ശ്രീ പദ്ധതി വീണ്ടും ചർച്ചയായതുമുതൽ സി.പി.ഐ. കടുത്ത എതിർപ്പിലാണ്. പദ്ധതിയുടെ കാതൽ ദേശീയ വിദ്യാഭ്യാസ നയമാണ് (എൻ.ഇ.പി.), അതിൻ്റെ അടിസ്ഥാനം ആർ.എസ്.എസിൻ്റെയും ബി.ജെ.പി.യുടെയും വിദ്യാഭ്യാസ തത്വങ്ങളും കാഴ്ചപ്പാടുകളുമാണ് എന്നാണ് വിവാദ ഘട്ടത്തിൽ ബിനോയ് വിശ്വം പറഞ്ഞിരുന്നത്. കേരളത്തെ എല്ലാ രംഗത്തും ഒരു ബദൽ രാഷ്ട്രീയത്തിൻ്റെ സംസ്ഥാനമായാണ് കാണുന്നത്. ഡാർവിൻ്റെ പരിണാമസിദ്ധാന്തം പോലും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് സിലബസ് മാറ്റുന്ന, ചരിത്രം വളച്ചൊടിക്കുന്ന, ശാസ്ത്രത്തെ ഭയപ്പെടുന്ന, അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ് ബി.ജെ.പി. എന്നും ബിനോയ് വിശ്വം ആരോപിച്ചിരുന്നു. ഇതിനെതിരെ സി.പി.ഐ. മുഖപത്രമായ ജനയുഗത്തിൽ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ആർ.എസ്.എസിൻ്റെ നിർദ്ദേശങ്ങൾക്ക് ഇടതുപക്ഷ സർക്കാർ വഴങ്ങരുതെന്നും, രാഷ്ട്രീയ നിലപാടും നയവും ബലികഴിച്ച് പദ്ധതിയിൽ ഒപ്പുവെക്കരുതെന്നുമാണ് ലേഖനത്തിൽ ആവശ്യപ്പെട്ടത്.

Tag: No change in stance; CPI says it strongly opposes PM Shri project

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button