international newsLatest NewsWorld

റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തി ട്രംപ് ഭരണകൂടം

റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തി ഡോണൾഡ് ട്രംപ് ഭരണകൂടം. യുക്രെയ്ൻ ചർച്ചകളിൽ വ്ലാഡിമിർ പുടിൻ സത്യസന്ധതയും നേരും കാണിച്ചില്ലെന്ന് വിലയിരുത്തിയാണ് ട്രംപ് ഭരണകൂടം ഈ കടുത്ത നടപടിയിലേക്ക് കടന്നതെന്ന് യു.എസ്. ട്രഷറി സെക്രട്ടറി അറിയിച്ചു.

ട്രംപ്- പുടിൻ ഉച്ചകോടി ബുഡാപെസ്റ്റിൽ വെച്ച് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഉപരോധ പ്രഖ്യാപനം. യുക്രെയ്ൻ- റഷ്യ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ വൈറ്റ് ഹൗസ് നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു.

“ഈ അർത്ഥമില്ലാത്ത യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് പുടിൻ വിസമ്മതിച്ച സാഹചര്യത്തിൽ, റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്ന അവിടുത്തെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയാണ്,” യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ കമ്പനികൾക്ക് എതിരെയാണ് ഉപരോധം ഏർപ്പെടുത്തിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി “ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ” ട്രഷറി തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി സംസാരിച്ച ബെസെന്റ്, ഈ നീക്കം “റഷ്യയ്ക്കെതിരെ ഞങ്ങൾ നടത്തിയ ഏറ്റവും വലിയ ഉപരോധങ്ങളിൽ ഒന്നാണ്” എന്ന് വിശേഷിപ്പിച്ചു. “പ്രസിഡന്റ് പുടിൻ ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ സത്യസന്ധമായും നേരോടെയും ചർച്ചകൾക്ക് വന്നിട്ടില്ല,” ട്രഷറി സെക്രട്ടറി പറഞ്ഞു. ഓഗസ്റ്റിൽ ഇരു നേതാക്കളും അലാസ്കയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പ്രസിഡൻ്റ് ട്രംപ് ഇറങ്ങിപ്പോയെന്നും ബെസെന്റ് കൂട്ടിച്ചേർത്തു. ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അവയുടെ ഇപ്പോഴത്തെ അവസ്ഥയിൽ പ്രസിഡൻ്റ് ട്രംപ് നിരാശനാണെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണെന്ന് യൂറോപ്യൻ യൂണിയനും ബുധനാഴ്ച അറിയിച്ചു. 2027-ഓടെ റഷ്യയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി.) ഇറക്കുമതി ചെയ്യുന്നത് നിരോധിക്കൽ, റഷ്യ ഉപയോഗിക്കുന്ന എണ്ണ ടാങ്കറുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തൽ, റഷ്യൻ നയതന്ത്രജ്ഞർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ എന്നിവയെല്ലാം യൂറോപ്യൻ യൂണിയൻ്റെ പുതിയ ഉപരോധങ്ങളിൽ ഉൾപ്പെടുന്നു.

Tag: Trump administration imposes tough sanctions on two major Russian oil companies

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button