ശബരിമല സ്വർണക്കൊള്ളക്കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിലായി. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണം മോഷ്ടിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇദ്ദേഹം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ സ്വർണ്ണപ്പാളികളും കട്ടിളപ്പാളികളും കടത്തിയ സംഭവത്തിലാണ് അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരൻ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷം അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും.
ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. വിവാദങ്ങളെത്തുടർന്ന് ദേവസ്വം ബോർഡ് മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. 1998-ൽ തന്നെ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശിയതാണെന്ന് അറിഞ്ഞിട്ടും, 2019-ൽ അത് ചെമ്പ് പൊതിഞ്ഞതാണെന്ന് ഇയാൾ മഹസറിൽ എഴുതിച്ചേർത്തു. വ്യാജരേഖ ചമച്ചതിൻ്റെ തുടക്കം മുരാരി ബാബുവിൻ്റെ കാലത്താണെന്നാണ് റിപ്പോർട്ട്. കൂടാതെ, ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കണമെന്ന് ചെന്നൈയിലുള്ള ‘സ്മാർട്ട് ക്രിയേഷൻസി’ൽ നിന്ന് 2024 ഓഗസ്റ്റ് 16-ന് ലഭിച്ച ഇ-മെയിലിനും, ദ്വാരപാലക ശിൽപ്പങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2024-ലും ഇയാൾ ദേവസ്വം ബോർഡിലേക്ക് നിയമവിരുദ്ധമായി ശിപാർശ നൽകി. ഇത് ദേവസ്വം ബോർഡിൽ പ്രതിസന്ധി ഉണ്ടാക്കിയെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളിലാണ് മുരാരി ബാബുവിൻ്റെ പങ്ക് സംശയിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയിരുന്നത്.
Tag: Sabarimala gold theft case; Former administrative officer Murari Babu arrested