മലയാളി പ്രവാസികൾക്കും ആശ്വാസം; കഫാല സമ്പ്രദായം ഔദ്യോഗികമായി അവസാനിപ്പിച്ചു

മലയാളി പ്രവാസികൾക്കും ആശ്വാസമായി സൗദി അറേബ്യയുടെ പുതിയ നിയമം. ദീർഘകാലമായി വിമർശനവിധേയമായിരുന്ന കഫാല (സ്പോൺസർ) സമ്പ്രദായം ഔദ്യോഗികമായി അവസാനിപ്പിച്ച് സൗദി ഭരണകൂടം ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചു. ഇതോടെ മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽ അവകാശങ്ങളും സ്വാതന്ത്ര്യവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പതിറ്റാണ്ടുകളായി സൗദിയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും നിലവിലുണ്ടായിരുന്ന ഈ സമ്പ്രദായം നിരവധി ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സൃഷ്ടിച്ചിട്ടുള്ളതാണ്.
കഫാല സമ്പ്രദായം എന്നത് കുടിയേറ്റ തൊഴിലാളിയും പ്രാദേശിക സ്പോൺസറും തമ്മിലുള്ള ഒരു നിർബന്ധിത തൊഴിൽ കരാറാണ്. ഈ കരാറിനുസരിച്ച്, വിദേശ തൊഴിലാളിക്ക് നിശ്ചിത തൊഴിലുടമയ്ക്കായി മാത്രമേ ജോലി ചെയ്യാൻ കഴിയൂ; അതിൽനിന്ന് മാറ്റമുണ്ടാക്കാൻ സ്പോൺസറുടെ അനുമതി ആവശ്യമായിരുന്നു. ഇതുവഴി തൊഴിലുടമകൾക്ക് തൊഴിലാളികളുടെ മേൽ അത്യധികാര നിയമാധികാരം ലഭിച്ചിരുന്നു. ജോലി മാറാനോ, രാജ്യം വിടാനോ പോലും സ്പോൺസറുടെ സമ്മതം ഇല്ലാതെ സാധിക്കാത്ത അവസ്ഥ കഫാലയുടെ യഥാർത്ഥ രൂപമായിരുന്നു.
വിമർശകർ ഈ സമ്പ്രദായത്തെ “ആധുനിക അടിമത്തം” എന്ന് വിശേഷിപ്പിച്ചിരുന്നു. പ്രത്യേകിച്ച് വീട്ടുജോലികളിലും നിർമാണ മേഖലയിലുമുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇതിന്റെ ദോഷഫലങ്ങൾ ഏറ്റവും രൂക്ഷമായി അനുഭവിച്ചത്. മലയാളികളുൾപ്പെടെയുള്ള അനേകം പ്രവാസികൾ ഇത്തരം സാഹചര്യങ്ങളിൽ കുടുങ്ങിക്കിടന്നിരുന്നു. 2022-ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ കഫാല സമ്പ്രദായത്തിന്റെ ക്രൂരതകൾ അന്താരാഷ്ട്രതലത്തിൽ കനത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇന്ത്യയുൾപ്പെടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ അപകടകരമായ സാഹചര്യങ്ങളിലുളള നിർമാണ ജോലികൾക്കിടയിൽ ജീവൻ നഷ്ടപ്പെടുത്തിയതും ലോകമറിഞ്ഞതാണ്.
ഇത്തരം പശ്ചാത്തലത്തിലാണ് സൗദി അറേബ്യ കഫാലയെ പൂർണമായും അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ സ്വാതന്ത്ര്യം നൽകുന്ന കരാർ അധിഷ്ഠിത ഒരു പുതിയ മോഡൽ കൊണ്ടുവരുമെന്ന് സൗദി അധികൃതർ പ്രഖ്യാപിച്ചു. സൗദിയുടെ വിഷൻ 2030 ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. ഈ പരിഷ്കാരങ്ങൾ സൗദിയിലെ ഒരു ദശലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികൾക്ക് പ്രയോജനകരമാകുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ സമ്പ്രദായം പ്രകാരം, തൊഴിലാളികൾക്ക് ജോലി മാറാനുള്ള സ്വാതന്ത്ര്യം ലഭിക്കും. കരാർ കാലാവധി പൂർത്തിയായാൽ മുൻ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ മറ്റൊരു തൊഴിലിടത്തിലേക്ക് മാറാൻ സാധിക്കും. കൂടാതെ, തൊഴിലുടമയെ ഡിജിറ്റൽ മാർഗത്തിൽ അറിയിച്ച് രാജ്യം വിടാനും മടങ്ങി വരാനും സ്ഥിരയാത്ര ചെയ്യാനും തൊഴിലാളികൾക്ക് അനുമതി ലഭിക്കും — ഇതിന് ഇനി തൊഴിലുടമയുടെ സമ്മതം ആവശ്യമില്ല. ഈ പരിഷ്കാരങ്ങൾ തൊഴിലാളികളുടെ സ്വാതന്ത്ര്യവും സുരക്ഷയും വർധിപ്പിക്കുകയും സൗദിയുടെ തൊഴിൽ വിപണിയെ അന്താരാഷ്ട്രതലത്തിൽ കൂടുതൽ ആകർഷകമാക്കുമെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
മധ്യേഷ്യൻ മേഖലയിൽ കഫാല സമ്പ്രദായം ആദ്യമായി അവസാനിപ്പിച്ചത് 2009-ൽ ബഹ്‌റൈൻ ആയിരുന്നു. തുടർന്ന് യു.എ.ഇ. 2015-ൽ സമ്പ്രദായത്തിൽ വൻ ഇളവുകൾ വരുത്തി; കരാർ പൂർത്തിയായ കുടിയേറ്റ തൊഴിലാളികൾക്ക് പുതിയ പെർമിറ്റ് നേടാനും ആറുമാസത്തെ തൊഴിൽ അന്വേഷണ വിസയിൽ രാജ്യത്ത് തുടരാനും അവിടെ അനുമതി ലഭിച്ചു.
അതേസമയം, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ ജി.സി.സി. രാജ്യങ്ങളിലാകട്ടെ കഫാല സമ്പ്രദായം ഇപ്പോഴും ഭാഗികമായോ പൂർണമായോ നിലനിൽക്കുന്നുണ്ട്. സൗദിയുടെ പുതിയ തീരുമാനം ഈ മേഖലയിലെ കുടിയേറ്റ തൊഴിലാളികൾക്ക് പുതിയ പ്രതീക്ഷയും മാറ്റത്തിനുള്ള പ്രചോദനവും നൽകുമെന്നാണ് പ്രതീക്ഷ.
Tag: Relief for Malayali expatriates; Kafala system officially ended