ദീപാവലി ആഘോഷങ്ങൾ; 47-ാമത് ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല

മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന 47-ാമത് ആസിയാൻ (Association of Southeast Asian Nations) ഉച്ചകോടിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന ഈ ഉച്ചകോടിയിൽ മോദി ഹാജരാകില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.
ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം താൻ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ലെന്നും ഓൺലൈനായി പങ്കുചേരുമെന്നും മോദി ഫോൺ വഴി അറിയിച്ചതായി അൻവർ ഇബ്രാഹിം ഫേസ്ബുക്കിൽ വ്യക്തമാക്കി. മോദിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും, അദ്ദേഹത്തിനും ഇന്ത്യൻ ജനതയ്ക്കും ദീപാവലി ആശംസകൾ നേർക്കുന്നതായും മലേഷ്യൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങളും അൻവർ ഇബ്രാഹിം പങ്കുവച്ചു. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, പ്രാദേശിക സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇന്ത്യ മലേഷ്യയുടെ പ്രധാന പങ്കാളിയായി തുടരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
അതേസമയം, മോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദി ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്.
മോദി പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ചതോടെ ട്രംപുമായി നേരിട്ടുള്ള കൂടിക്കാഴ്ചയും റദ്ദായിരിക്കുകയാണ്. അതിനാൽ, ഈ വർഷം ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടക്കില്ലെന്നതും ഉറപ്പായി. ഒക്ടോബർ 26 മുതൽ 28 വരെ ക്വാലാലംപൂരിൽ ആസിയാൻ ഉച്ചകോടി നടക്കും, ഇതിൽ ട്രംപ് ഉൾപ്പെടെ നിരവധി ആഗോള നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
മലേഷ്യ സന്ദർശനത്തിനൊപ്പം കമ്പോഡിയയും പ്രധാനമന്ത്രി മോദി സന്ദർശിക്കുമെന്നാണ് മുൻപ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മലേഷ്യ യാത്ര റദ്ദാക്കിയതോടെ കമ്പോഡിയാ സന്ദർശനവും റദ്ദാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയതാണ് ഇന്ത്യ-യുഎസ് ബന്ധത്തിൽ സംഘർഷം സൃഷ്ടിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ കുറയ്ക്കാമെന്ന് മോദി ഉറപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടതും ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ വീണ്ടും ഭിന്നത വരുത്തി. ഈ പശ്ചാത്തലത്തിലാണ് മോദി ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച ഒഴിവാക്കുന്നതെന്നത് ശ്രദ്ധേയമാകുന്നത്.
നവംബറിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ മോദി പങ്കെടുക്കും, എന്നാൽ ട്രംപ് അതിൽ പങ്കെടുക്കില്ല. ഇന്ത്യ ഈ വർഷാവസാനം ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, ബ്രൂണൈ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നീ 10 രാജ്യങ്ങളാണ് ആസിയാൻ സംഘടനയിൽ ഉൾപ്പെടുന്നത്.
Tag: Diwali celebrations; PrimeMninister may not attend 47th ASEAN Summit