തദ്ദേശ തിരഞ്ഞെടുപ്പ്; 10% സീറ്റുകൾ പുതുമുഖങ്ങൾക്ക് സംവരണം ചെയ്ത് ബിജെപി; സ്ഥാനാർത്ഥി നിർണ്ണയം ഈ മാസം പൂർത്തിയാക്കും

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് ബിജെപി. ആകെ സീറ്റുകളുടെ 10% പുതുമുഖങ്ങൾക്ക് സംവരണം ചെയ്യാൻ പാർട്ടി തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൂടുതൽ യുവത്വത്തെയും പുതിയ മുഖങ്ങളെയും കൊണ്ടുവരുന്നതിലൂടെ ജനപിന്തുണ വർദ്ധിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും നിശ്ചിത എണ്ണം പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കണം എന്ന് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തണമെന്നും ബിജെപി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയ പ്രക്രിയ ഈ മാസം തന്നെ പൂർത്തിയാക്കാൻ പാർട്ടി ലക്ഷ്യമിടുന്നു. തിരുവനന്തപുരം, തൃശ്ശൂർ കോർപ്പറേഷനുകൾ, 25 മുനിസിപ്പാലിറ്റികൾ, 400 പഞ്ചായത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ബിജെപി ശ്രദ്ധയൂന്നുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 15,000 വാർഡുകളിൽ വിജയം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
പുതിയ സ്ഥാനാർത്ഥികളെ രംഗത്തിറക്കി, ഭരണകക്ഷിക്കും പ്രതിപക്ഷത്തിനുമെതിരെ ശക്തമായ ജനവികാരം അനുകൂലമാക്കി മാറ്റാൻ കഴിയുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്.
Tag: Local body elections; BJP reserves 10% seats for new faces; Candidate selection to be completed this month