രാജ്യവ്യാപകമായി വോട്ടർപട്ടിക തീവ്രപരിഷ്‌കരണം; ഒരുക്കങ്ങൾ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

രാജ്യവ്യാപകമായി വോട്ടർപട്ടിക തീവ്രപരിഷ്‌കരണം (Special Intensive Revision – SIR) നടപ്പിലാക്കാനുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്. ഇതിൻ്റെ ഭാഗമായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് (CEO) SIR നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി. പരിഷ്‌കരണത്തിൻ്റെ വിശദമായ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും.
ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന രണ്ട് ദിവസത്തെ യോഗത്തിലാണ് കമ്മീഷൻ ഈ നിർണായക തീരുമാനം എടുത്തത്. മുതിർന്ന കമ്മീഷൻ ഉദ്യോഗസ്ഥർ SIR പ്രക്രിയയെക്കുറിച്ച് സിഇഒമാർക്ക് വിശദീകരിച്ചു നൽകുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
അസം, തമിഴ്‌നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാൾ തുടങ്ങി അടുത്തിടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സിഇഒമാരുമായി കമ്മീഷൻ നേരിട്ട് സംവദിച്ചു. യോഗത്തിൽ, എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും അവസാനമായി പൂർത്തിയാക്കിയ SIR അനുസരിച്ചുള്ള വോട്ടർമാരുടെ എണ്ണം നിലവിലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുന്നതിലെ പുരോഗതി വിലയിരുത്തി. വോട്ടർ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ തീവ്രപരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുന്നത്.
Tag: Election Commission orders complete preparations for nationwide voter list revision