ശബരിമല സ്വർണക്കൊള്ള കേസ്; മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണ സംഘം നാളെയാണ് മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.
കേസിലെ മുഖ്യസൂത്രധാരനും അറസ്റ്റിലാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനുമാണ് മുരാരി ബാബു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയതും ഇയാളാണ്. മുരാരി ബാബുവിന്റെ അറസ്റ്റോടെ അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതസ്ഥാനങ്ങളിലേക്കും നീളുകയാണ്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിനെ നേരിട്ടിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റി മുരാരി ബാബുവിനെതിരെ മൊഴി നൽകിയിട്ടുണ്ട്. ശ്രീകോവിലിന് ഇരുവശങ്ങളിലുള്ള സ്വർണപ്പാളികൾ പതിച്ച ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിടുകളാണെന്ന് തെറ്റായി രേഖപ്പെടുത്തിയതും മുരാരി ബാബുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
2024ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ ഏൽപ്പിക്കുന്നതിൽ മുരാരി ബാബുവാണ് മുഖ്യ ഇടനിലക്കാരനായതെന്നും, ശിൽപങ്ങൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലേക്ക് എത്തിക്കാൻ ഇയാൾ നീക്കം നടത്തിയതെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.
കേസിൽ രണ്ടാം പ്രതിയായി മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ ഈഞ്ചയ്ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്‌ഐടിയുടെ ഈ നിർണായക നീക്കം.
പ്രബലമായ സമുദായസംഘടനയുടെ പിന്തുണയോടെ ഉന്നതസ്ഥാനങ്ങളിൽ തുടരാനായ മുരാരി ബാബുവിനെതിരെ നേരത്തെയും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണനഷ്ടത്തിലും രുദ്രാക്ഷമാല മോഷണത്തിലും പങ്കുണ്ടെന്ന സൂചനകളും ഉണ്ടായിട്ടുണ്ട്. കൂടാതെ സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൽ മുഖ്യസംഘാടകന്റെ റോളിലും മുരാരി ബാബു പ്രധാന പങ്കുവഹിച്ചിരുന്നു.
Tag: Sabarimala gold theft case; Murari Babu remanded



