വ്യാപാര സംഘർഷങ്ങൾ ശക്തമായിരിക്കെ, ട്രംപ്- ഷി കൂടിക്കാഴ്ച്ച ഉടനെന്ന് റിപ്പോർട്ട്

വ്യാപാര സംഘർഷങ്ങൾ ശക്തമായിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ്. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയുടെ ഭാഗമായി ട്രംപ് അടുത്ത ആഴ്ച ഷിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഒക്ടോബർ 30നാണ് ഈ കൂടിക്കാഴ്ച നടക്കാനിരിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ-പസഫിക് എക്കണോമിക് കോ-ഓപ്പറേഷൻ (APEC) ഉച്ചകോടിയിലാണ് ഇരുവരും മുഖാമുഖം കാണുന്നത്. യുഎസ് പ്രസിഡന്റ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടും, തുടർന്ന് ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഏഷ്യ-പസഫിക് ഉച്ചകോടിയിൽ പ്രസംഗം നടത്തിയതിന് ശേഷം ഷി ജിൻപിങ്ങിനെ ട്രംപ് നേരിൽ കാണുമെന്നും അവർ വ്യക്തമാക്കി.
ഇരു രാജ്യങ്ങൾക്കും ഇടയിൽ കടുത്ത വ്യാപാരതർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 150 ശതമാനം വരെ ഇറക്കുമതി നികുതി വർധിപ്പിക്കുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് ചൈന കഠിനമായ പ്രതികരണം പ്രകടിപ്പിച്ചിരുന്നു. അതിനാൽ, ഈ കൂടിക്കാഴ്ചയിലൂടെ വ്യാപാര പ്രശ്‌നങ്ങളിലും രാഷ്ട്രീയ തർക്കങ്ങളിലും ശമനം പ്രതീക്ഷിക്കുകയാണ് ആഗോള സമൂഹം.
2019ൽ ജപ്പാനിൽ നടന്ന ജി-20 ഉച്ചകോടിയിലാണ് ട്രംപും ഷിയും അവസാനമായി നേരിൽ കണ്ടത്. അതിനുശേഷം നടക്കുന്ന ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാകും ഇത്.
Tag: Trump-Xi meeting imminent, report says, amid trade tensions



