പിഎം ശ്രീ പദ്ധതിയിൽ കേരളവും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു

പിഎം ശ്രീ പദ്ധതിയിൽ കേരളവും ഔപചാരികമായി പങ്കുചേർന്നു. സിപിഐയുടെ എതിർപ്പുകൾ അവഗണിച്ച് സംസ്ഥാന സർക്കാർ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് വിദ്യാഭ്യാസ സെക്രട്ടറിയാണ് ഒപ്പുവെച്ചത്.
ഇതോടെ പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുന്ന 34ാമത്തെ സംസ്ഥാനമായി കേരളം മാറി. പദ്ധതിയുടെ ഭാഗമായി തടഞ്ഞുവച്ച ഫണ്ടുകൾ ഉടൻ അനുവദിക്കുമെന്നും ആദ്യ ഗഡുവായി 1500 കോടി രൂപ സംസ്ഥാനത്തിന് കൈമാറുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
പദ്ധതിയോട് ശക്തമായ എതിർപ്പാണ് സിപിഐ പ്രകടിപ്പിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിന് എക്സിക്യൂട്ടീവും സെക്രട്ടേറിയേറ്റും പൂർണ്ണ പിന്തുണ നൽകിയിരുന്നു. മന്ത്രിസഭയിൽ വിഷയം ഉന്നയിക്കുമ്പോൾ ശക്തമായി എതിർക്കണമെന്ന് സിപിഐ മന്ത്രിമാരോട് ബിനോയ് വിശ്വം നിർദ്ദേശിച്ചിരുന്നു.
എന്നാൽ, മന്ത്രിസഭയിൽ വിഷയം ചർച്ചയായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോ പ്രതികരിക്കാതിരുന്നതിൽ സിപിഐ അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടി തീരുമാനം അനുസരിച്ച് റവന്യൂ മന്ത്രി കെ. രാജൻ വിഷയം മുന്നോട്ട് വെച്ചിട്ടും സർക്കാർ പ്രതികരണം ഇല്ലായ്മയെ സിപിഐ അവഗണനയായി കാണുകയായിരുന്നു. അത്തരം സാഹചര്യത്തിലാണ് എല്ലാ എതിർപ്പുകളെയും മറികടന്ന് സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച് മുന്നോട്ട് പോയത്.
Tag: Kerala also signed a memorandum of understanding in the PM Shri project



