ശബരിമല സ്വർണ്ണക്കൊള്ള; ബെല്ലാരിയിലെ സ്വർണ്ണവ്യാപാരിയ്ക്ക് പോറ്റി സ്വർണ്ണം വിറ്റെന്ന് മൊഴി

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായകമായ ഒരു മൊഴി പുറത്തുവന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് ‘സ്മാർട്ട് ക്രിയേഷൻസ്’ വേർതിരിച്ചെടുത്ത സ്വർണ്ണം, ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റെന്ന വിവരമാണ് ലഭിക്കുന്നത്. ബെല്ലാരിയിലെ സ്വർണ്ണവ്യാപാരിയായ ഗോവർദ്ധനാണ് പോറ്റി സ്വർണ്ണം വിറ്റതെന്നാണ് മൊഴി. ഗോവർദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രേഖപ്പെടുത്തി.
നിർണായക വിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ.ടി. സംഘം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെംഗളൂരുവിലേക്ക് പോയി. കഴിഞ്ഞ ദിവസങ്ങളിൽ സംഭവവുമായി ബന്ധപ്പെട്ട് മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ബെല്ലാരിയിലെ സ്വർണ്ണവ്യാപാരി ഗോവർദ്ധന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. സ്വർണ്ണം വിറ്റ കാര്യം ഗോവർദ്ധൻ സമ്മതിച്ചു. ബെല്ലാരിയിൽ കൊണ്ടുപോയി സ്വർണ്ണം വിറ്റതായി ഉണ്ണിക്കൃഷ്ണൻ പോറ്റിയും സമ്മതിച്ചിരുന്നു.
ഇതിനെ തുടർന്നാണ് ഗോവർദ്ധനെ വിളിച്ചുവരുത്തുകയും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് എസ്.പി. ശശിധരൻ നേരിട്ട് മൊഴിയെടുക്കുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലർച്ചെ പോറ്റിയുമായി അന്വേഷണ സംഘം ബെല്ലാരിയിലേക്ക് തെളിവെടുപ്പിനായി തിരിച്ചിരിക്കുന്നത്. നിലവിൽ, ദേവസ്വം വിജിലൻസ് കണ്ടെത്തിയതനുസരിച്ച് 476 ഗ്രാം സ്വർണ്ണത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്.
Tag: Sabarimala gold robbery: Statement that unnikrishnnan Potti sold the gold to a gold merchant in Bellary



