പി.എം. ശ്രീ വിഷയത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ സർക്കാരിന്റെ നീക്കം

പി.എം. ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുണ്ടായ രാഷ്ട്രീയ സംഘർഷം ശമിപ്പിക്കാൻ സർക്കാർ സിപിഐയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇന്ന് എം.എൻ. സ്മാരകത്തിൽ എത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി ജി.ആർ. അനിലും ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയിൽ വിവിധ വിഷയങ്ങൾ വിശദമായി പരിശോധിച്ചതായാണ് വി. ശിവൻകുട്ടി വ്യക്തമാക്കിയത്. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, സിപിഐ മന്ത്രിമാർ പി.എം. ശ്രീ പദ്ധതിയിലുള്ള നിലപാട് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന്റെ കാരണം വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുടെ ആവശ്യം പരിഗണിച്ചേ മുന്നോട്ട് പോകാവൂവെന്ന് മന്ത്രി ജെ. ചിഞ്ചു റാണിയും വ്യക്തമാക്കി. അതേസമയം, വിദ്യാഭ്യാസ മന്ത്രി എല്ലാം വ്യക്തമായി വിശദീകരിച്ചുവെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്റെ പ്രതികരണം.
ഇതിനിടെ, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഇന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി എം. എ. ബേബിയെ നേരിൽ കാണും. പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ എതിർപ്പ് അറിയിച്ച് ഡി. രാജ അയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇരുവരും ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
വിഷയം സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും ചർച്ചയായി. നയപരമായ വിട്ടുവീഴ്ച ന്യായീകരിക്കാനാവില്ലെന്നും, ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പദ്ധതിയിൽ നിന്നു പിന്മാറുക മാത്രമാണ് സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ പൊതുവായ നിലപാട്, എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Tag: PM sree. Government’s move to persuade CPI on Sri issue



