അടിമാലി ദേശീയപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ; രണ്ട് വീടുകൾ പൂർണമായും തകർന്നു; മണ്ണിനടിയിൽ കുടുങ്ങിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമ്മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. ഒമ്പത് വീടുകൾക്കു മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു ഈ ദുരന്തം. 40 അടിയിലേറെ ഉയരമുള്ള കയറ്റത്തിന്റെ ഭാഗം വിണ്ട് പാതയിലേക്കും വീടുകളിലേക്കും ഇടിഞ്ഞുവീഴുകയായിരുന്നു. വീടിന്റെ സിമന്റ് സ്ലാബുകൾക്കടിയിൽ പെട്ട് ബിജുവിന് ജീവൻ നഷ്ടമായി.
ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജുവിനെയും ഭാര്യ സന്ധ്യയെയും പുറത്തെടുത്തത്. ആദ്യം സന്ധ്യയെ പുറത്തെടുത്തുവെങ്കിലും ഗുരുതരമായ പരിക്കുകളോടെ അവരെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ബിജുവിനെ പിന്നീട് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോൺക്രീറ്റ് പാളികൾ ജാക്കി ഉപയോഗിച്ച് തടഞ്ഞുനിർത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബിജുവും സന്ധ്യയും കോൺക്രീറ്റ് സ്ലാബുകൾക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു; ഇരുവരുടെയും കാലുകൾ പരസ്പരം പിണഞ്ഞുകിടന്നിരുന്നു. അവരുടെ മുകളിലേക്കാണ് കെട്ടിടത്തിന്റെ ബീം തകർന്നു വീണത്.
മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അവിടെ താമസിക്കുന്നവരെ മുമ്പ് തന്നെ മാറിനിൽക്കാൻ അധികൃതർ നിർദേശിച്ചിരുന്നതായി വിവരം. എന്നാൽ, തങ്ങൾ സമീപത്തുള്ള കുടുംബവീട്ടിലേക്ക് മാറുമെന്ന് അറിയിച്ച് ബിജുവും സന്ധ്യയും അവിടെ തുടരുകയായിരുന്നു.
Tag: Landslide near Adimali National Highway; Two houses completely collapsed; Husband of a couple trapped underground dies



