keralaKerala NewsLatest NewsUncategorized

അടിമാലി മണ്ണിടിച്ചിൽ; പരിക്കേറ്റ സന്ധ്യയെ വിദ​ഗ്ദ ചികിത്സക്കായി എറണാകുളത്തേക്ക് എത്തിച്ചു; രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാന്‍ സാധ്യത

അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആലുവയിലെ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്‌ക്കായി എത്തിച്ചു. സന്ധ്യയുടെ കാലുകൾക്ക് ഗുരുതര പരിക്കുകളുണ്ടെന്നാണ് റിപ്പോർട്ട്. ഇടത് കാലിലെ രക്തക്കുഴലിന് ക്ഷതം സംഭവിച്ചിട്ടുണ്ടാകാമെന്നും ആ കാലിലേക്ക് രക്തയോട്ടം വളരെ കുറവാണെന്നും ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയ അനിവാര്യമാകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വലിയ ശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോൾ തന്നെ മണ്ണ് മുഴുവൻ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് സംഭവം ആദ്യം കണ്ട നാട്ടുകാർ പറഞ്ഞു. അവർ എത്തിയപ്പോഴേക്കും ബിജുവിന് നേരിയ അനക്കമുണ്ടായിരുന്നുവെങ്കിലും സ്ഥിതി അതീവ അപകടകരമായതിനാൽ രക്ഷാപ്രവർത്തനം നടത്താൻ ഉടൻ സാധിച്ചില്ല. തുടർന്ന് ജെസിബിയെയും മറ്റ് രക്ഷാസേനാംഗങ്ങളെയും വിവരം അറിയിച്ചതായും നാട്ടുകാർ വ്യക്തമാക്കി.

“ഞങ്ങളെത്തിയപ്പോഴേക്കും വീടിന്റെ മേൽക്കൂര തകർന്നിരുന്നു. ബിജുവിന് നേരിയ അനക്കമുണ്ടായിരുന്നു, സന്ധ്യയുടെ കഴുത്ത് തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു. ചോദിച്ചപ്പോൾ മറുപടി നൽകി. മൂന്നു–നാല് ദിവസമായി ഇവിടെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും മണ്ണ് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചിരുന്നില്ല. ഇന്നലെ ഉച്ചയോടെ പ്രദേശത്തിന്റെ മുകളിലൂടെ വിള്ളൽ കണ്ടു. അതിനെ തുടർന്ന് മെമ്പറെ അറിയിച്ചു, താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ബിജുവിന്റെ തറവാട് അടുത്തായതിനാൽ അവൻ ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മണ്ണിടിഞ്ഞത്,” നാട്ടുകാരിൽ ഒരാൾ പറഞ്ഞു.

നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സന്ധ്യയെ ജീവനോടെ രക്ഷിക്കാനായെങ്കിലും ഭർത്താവ് ബിജു (45)യെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. ബിജുവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്. രാവിലെ പോസ്റ്റ്‌മോർട്ടം നടത്തി, സംസ്‌കാരം ഇന്നുതന്നെ നടത്തും. ബിജു കൂലിപ്പണിക്കാരനായിരുന്നു; സന്ധ്യ മിൽമാ സൊസൈറ്റിയിൽ ജോലി ചെയ്തിരുന്നു. ദമ്പതികളുടെ ഇളയമകൻ ആദർശ് കഴിഞ്ഞ വർഷം ക്യാൻസർ മൂലം മരിച്ചു. മൂത്ത മകൾ ആര്യ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്.

നിലവിൽ കൂമ്പൻപാറയിലെ നാട്ടുകാർ അതീവ ആശങ്കയിലാണ്. ദേശീയപാത നിർമാണത്തെ തുടർന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതായി അവർ പറയുന്നു. അശാസ്ത്രീയമായ മണ്ണെടുപ്പാണ് അപകടങ്ങൾക്ക് കാരണമെന്നാരോപണവും ഉയരുന്നു. ദേശീയപാത 85ന്റെ നിർമ്മാണപ്രദേശത്താണ് ഈ ദുരന്തം സംഭവിച്ചത്. മൂന്നാറിലേക്കുള്ള പ്രധാനപാതയിലായിരുന്നു മണ്ണിടിച്ചിൽ.

കഴിഞ്ഞ രാത്രി 10.20ഓടെയാണ് അടിമാലി കൂമ്പൻപാറയിൽ മണ്ണിടിഞ്ഞത്. അഞ്ചു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലർച്ചെ 3.27ഓടെ സന്ധ്യയെയും, ആറര മണിക്കൂറിന് ശേഷമായ 4.50ഓടെ ബിജുവിനെയും പുറത്തെടുത്തു. അപ്പോഴേക്കും ബിജു ജീവൻ വിട്ടിരുന്നു. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിന്നതിനെ തുടർന്ന് മുൻകരുതലായി 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു, അവരിൽ ബിജുവിന്റെയും സന്ധ്യയുടെയും കുടുംബവും ഉൾപ്പെട്ടിരുന്നു.

Tag: Adimali landslide; Injured Sandhya taken to Ernakulam for specialist treatment; Blood vessel likely damaged

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button