ശബരിമല സ്വർണക്കൊള്ള; സ്വര്‍ണം താനാണ് സ്പോണ്സര് ചെയ്തതെന്ന് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി, കൂടുതൽ വിവരങ്ങൾ പുറത്ത്

ശബരിമലയിലെ വാതില്പ്പാളികളില് പൂശിയ സ്വര്‍ണം താനാണ് സ്പോണ്സര് ചെയ്തതെന്ന് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്ധന് അന്വേഷണ സംഘത്തിന് മൊഴി നല്കി. സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയതായും, സന്നിധാനത്ത് എത്തിയപ്പോള്‍ ബോര്‍ഡ് അംഗങ്ങളെയും നേരില്‍ കണ്ടതായും ഗോവര്ധന് വ്യക്തമാക്കി.
എന്നാല്‍, ഔദ്യോഗിക രേഖകളില്‍ സ്പോണ്‍സറായി ഉണ്ണികൃഷ്ണന് പോറ്റിയുടെ പേരാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സ്വര്‍ണം പൂശുന്നത് ഒരു നിയോഗമാണെന്ന നിലയില്‍ അതിനെ കാര്യമായി എടുത്തില്ലെന്നും ഗോവര്ധന് എസ്ഐടിയോട് പറഞ്ഞു. ഗോവര്‍ധനെ കേസില്‍ സാക്ഷിയാക്കുന്നതിനായി എസ്ഐടി നിയമോപദേശം തേടുകയാണ്.
476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന് പോറ്റി വിറ്റതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ 400 ഗ്രാമില്‍ അധികം സ്വര്‍ണം ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നാണ് എസ്ഐടി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഉണ്ണികൃഷ്ണന് പോറ്റി നാണയങ്ങളുടെ രൂപത്തില്‍ നല്കിയ സ്വര്‍ണം പിന്നീട് സ്വര്‍ണക്കട്ടികളാക്കി മാറ്റിയതായും സംഘം വ്യക്തമാക്കി. ജ്വല്ലറിയില്‍ നിന്നും ഈ കട്ടികള്‍ രൂപത്തിലുള്ള സ്വര്‍ണം പിടിച്ചെടുത്തിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ പൊതുമുതല്‍ മോഷ്ടിച്ച് വിറ്റെന്ന കുറ്റവും ചുമത്താന്‍ എസ്ഐടി തയ്യാറെടുക്കുന്നു. പോറ്റിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണനാണയങ്ങളും മോഷണമുതലാണോ എന്ന് പരിശോധിക്കുകയാണ് അന്വേഷണം.
ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റിയാണ് ഗോവര്‍ധനോട് വിറ്റതെന്നും, അതു ശബരിമലയിലെ സ്വര്‍ണമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഗോവര്ധന് എസ്ഐടിയോട് മൊഴി നല്കി. 2020ലാണ് ഉണ്ണികൃഷ്ണന് പോറ്റി ഈ സ്വര്‍ണം ഗോവര്‍ധനോട് വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Tag: Sabarimala gold theft; Gold merchant in Bellary says he sponsored the gold, more details revealed



