international newsLatest NewsWorld

‘റീഗൻ പരസ്യം’ ട്രംപിനെ ചൊടിപ്പിച്ചു; കാനഡയ്‌ക്കെതിരെ 10 ശതമാനം അധിക തീരുവ ചുമത്തുന്നതായി അമേരിക്ക

കാനഡയ്‌ക്കെതിരെ 10 ശതമാനം അധിക തീരുവ ചുമത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കാനഡയിലെ ഒന്റാറിയോ പ്രവിശ്യാ ഭരണകൂടം പുറത്തിറക്കിയ വിവാദപരസ്യത്തോടുള്ള പ്രതികരണമായാണ് ഈ നീക്കം. പരസ്യത്തിൽ മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗൻ തീരുവയെ എതിർത്തും സ്വതന്ത്ര വ്യാപാരത്തെ അനുകൂലിച്ചും സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

പരസ്യം പ്രചരിച്ചതിനെ തുടർന്ന്, അതിൽ വാസ്തവവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ട്രംപ് ശക്തമായ പ്രതികരണം പ്രകടിപ്പിച്ചു. കാനഡയുടെ നടപടി “അങ്ങേയറ്റം മോശം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇതോടൊപ്പം, കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് 10 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം അറിയിക്കുകയും ചെയ്തു.

എന്നാൽ, വ്യാപാരബന്ധം നിലനിർത്തുന്നതിനായി കാനഡ പരസ്യം പിന്‍വലിച്ചു. യുഎസ്–കാനഡ ബന്ധത്തെ പരസ്യം പ്രതികൂലമായി ബാധിച്ചുവെന്ന വിമർശനം ഇരുരാജ്യങ്ങളിലുമുയർന്നു. ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്, കാനഡൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പരസ്യം പിന്‍വലിക്കുമെന്ന് അറിയിച്ചു.

അതേസമയം, “പരസ്യം ഉടൻ പിന്‍വലിക്കേണ്ടതായിരുന്നു; വസ്തുതാവിരുദ്ധമെന്ന് അറിഞ്ഞിട്ടും അത് വേൾഡ് സീരീസ് മത്സരത്തിനിടെ പ്രദർശിപ്പിച്ചു,” എന്നായിരുന്നു ട്രംപിന്റെ ‘ട്രൂത്ത്’ പോസ്റ്റിലെ പ്രതികരണം. “വാസ്തവങ്ങളെ വളച്ചൊടിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിനാലാണ് കാനഡയ്‌ക്കെതിരെ 10 ശതമാനം തീരുവ ചുമത്തുന്നതെന്ന്” ട്രംപ് വ്യക്തമാക്കി.

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ തങ്ങൾ തയ്യാറാണെന്ന് കാനഡൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചുവെങ്കിലും, ഇതിനെക്കുറിച്ച് യുഎസ് വാണിജ്യ വകുപ്പ് അല്ലെങ്കിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tag: ‘Reagan ad’ angers Trump; US imposes 10 percent additional tariff on Canada

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button