ആസിയാൻ ഉച്ചകോടിക്ക് തുടക്കം; ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി പങ്കെടുക്കും

രണ്ട് ദിവസത്തെ ആസിയാൻ (ASEAN) ഉച്ചകോടിക്ക് തുടക്കം കുറിച്ചു. ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ന് പങ്കെടുക്കും. പ്രധാനമന്ത്രി ഓൺലൈനായി സമ്മേളനത്തിൽ ആശംസാ പ്രസംഗം നടത്തും. ഇന്ത്യ ഉച്ചകോടിയിൽ തങ്ങളുടെ ഉറച്ച നിലപാട് അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപാര രംഗത്ത് ചില രാജ്യങ്ങൾ പിന്തുടരുന്ന ഇരട്ടത്താപ്പ് നയങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ ഉച്ചകോടിയിൽ വ്യക്തമാക്കാനാണ് സാധ്യത. റഷ്യൻ എണ്ണ വാങ്ങുന്നതിന് നേരെയുള്ള വിലക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഉച്ചകോടിക്കായി നേതാക്കൾ യാത്രതിരിക്കുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകളും ചർച്ചകളിൽ പ്രാധാന്യം നേടാൻ സാധ്യതയുണ്ട്. ഇന്ത്യയും പാകിസ്ഥാനുമായി ഉണ്ടായിരുന്ന ശത്രുത അവസാനിപ്പിച്ചത് താനാണെന്നും, ഇന്ത്യ ഉടൻ റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ പൂർണ്ണമായി നിർത്തുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ പ്രസ്താവനകളിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏഷ്യൻ മേഖലയിൽ നയതന്ത്ര-വ്യാപാര ബന്ധങ്ങളെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങൾ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, പ്രധാനമന്ത്രി നേരിട്ട് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് മുമ്പ് അറിയിച്ചിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ താൻ പോകില്ലെന്നും പകരം വിർച്വൽ ആയി പങ്കെടുക്കുമെന്നും പ്രധാനമന്ത്രി എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെയും ഇതുസംബന്ധിച്ച് വ്യക്തിപരമായി അറിയിച്ചു. പ്രധാനമന്ത്രി അവസാന നിമിഷം സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒരു നയതന്ത്ര നീക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Tag: ASEAN Summit begins; External Affairs Minister to represent India



