keralaKerala NewsLatest NewsUncategorized

അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ ബിജുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും, പ്രദേശവാസികളുടെ പുനരധിവാസത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡ് നിർമാണത്തിൽ അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തുന്നതിനായി പരിശോധന നടത്തുമെന്നും, റിപ്പോർട്ട് ലഭിക്കുന്നതുവരെ നിർമാണ പ്രവർത്തനം നിർത്തിവെക്കാൻ എൻഎച്ച്എഐയ്ക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

“രാവിലെ ആറ് മണിവരെ എല്ലാവരും സ്ഥലത്ത് ഉണ്ടായിരുന്നു. മുഴുവൻ വകുപ്പുകളും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിലൂടെയാണ് ഒരാളെ രക്ഷിക്കാൻ കഴിഞ്ഞത്. ഇപ്പോൾ സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കണം. ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്താൻ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ജില്ലാ കളക്ടറോട് നിർദ്ദേശം നൽകിയിട്ടുണ്ട്. പഠനഫലങ്ങൾ ലഭിച്ച ശേഷം യോജിച്ച നടപടികൾ സ്വീകരിക്കും. എൻഎച്ച്എഐയുമായി വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തും,” മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കഴിഞ്ഞ രാത്രി 10.20ഓടെയാണ് അടിമാലി കൂമ്പൻപാറയിൽ മണ്ണിടിഞ്ഞത്. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ 3.27ഓടെ സന്ധ്യയെയും, ആറര മണിക്കൂറിന് ശേഷം 4.50ഓടെ ബിജുവിനെയും പുറത്തെടുത്തു. എന്നാൽ ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലുവയിലെ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. ഇടത് കാലിൽ രക്തക്കുഴൽ ക്ഷതം സംഭവിച്ചിരിക്കാമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. സന്ധ്യ നിലവിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കുകയാണ്.

മണ്ണിടിച്ചിൽ ഭീഷണി മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പ്രദേശത്തെ 22 ഓളം കുടുംബങ്ങളെ നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു. ബിജുവിനെയും സന്ധ്യയെയും ഉൾപ്പെടെ ഈ പട്ടികയിലുണ്ടായിരുന്നു. ഇരുവരും ക്യാമ്പിൽ താമസിക്കാതെ സമീപത്തുള്ള തറവാട്ടിലേക്ക് മാറിയിരുന്നു. കഴിഞ്ഞ രാത്രി ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയതിനു വെറും 20 മിനിറ്റിനകം മണ്ണിടിച്ചിൽ സംഭവിക്കുകയായിരുന്നു.

ദേശീയപാത 85-ന്റെ നിർമാണപ്രവർത്തനം നടക്കുന്ന മൂന്നാറിലേക്കുള്ള പ്രധാന പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയ മണ്ണെടുപ്പാണ് ദുരന്തത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിലവിൽ പ്രദേശത്തെ ജനങ്ങൾ അതീവ ആശങ്കയിലാണ്.

Tag: Adimali landslide: Minister Roshi Augustine says government will provide assistance to Biju’s family

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button