indiaLatest NewsNationalNews

കർണാടക ഭൂമി ഇടപാട്; “സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ഗൂഢാലോചന” എന്ന് രാജീവ് ചന്ദ്രശേഖർ

കർണാടക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പിന്‍മാറുകയാണ്. ആരോപണങ്ങൾക്ക് മറുപടിയായി പതിവുപോലെ “സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ഗൂഢാലോചന”യാണെന്ന വാദം ആവർത്തിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. സിപിഐഎമ്മും കോൺഗ്രസും വ്യാജപ്രചാരണം നടത്തുകയാണെന്നും, കെട്ടിച്ചമച്ച നുണകളുടെ പഴയ രീതിയാണ് ഇതെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പിണറായി വിജയൻ സർക്കാരിന്റെയും രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന്റെയും അഴിമതികൾക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണമാണ് ചിലർക്കു സഹിക്കാനാവാത്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അഴിമതിയും മതേതരത്വത്തിന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളും അവസാനിപ്പിക്കാനാണ് താൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സ്വാധീനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ സംസ്കാരത്തെ മാറ്റേണ്ടതുണ്ടെന്നും, ദേവസ്വം ബോർഡുകളിൽ നടക്കുന്ന അഴിമതികളും പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത കേരളമാണ് ലക്ഷ്യം, അതിനായി ആവശ്യമായ ശുദ്ധീകരണങ്ങൾ നടത്തി സംസ്ഥാനത്തെ സമൃദ്ധിയിലേക്ക് നയിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എന്നാൽ തനിക്കെതിരെ ഉയർന്നിരിക്കുന്ന ഭൂമി കുംഭകോണാരോപണങ്ങളെ കുറിച്ച് രാജീവ് ചന്ദ്രശേഖർ നേരിട്ട് പ്രതികരിച്ചിട്ടില്ല. ഡൽഹി ഹൈക്കോടതി അഭിഭാഷകനായ കെ. എൻ. ജഗദേഷ് കുമാറാണ് രാജീവ് ചന്ദ്രശേഖറിനെയും, ഭാര്യ അഞ്ജലി ചന്ദ്രശേഖറിനെയും, ഭാര്യയുടെ പിതാവ് അജിത് ഗോപാൽ നമ്പ്യാറിനെയുംതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

കെഐഎഡിബി (കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡ്) വഴി ലഭിച്ച ഭൂമി അനധികൃതമായി വിൽപ്പന നടത്തി, ഏകദേശം 500 കോടിയോളം രൂപ രാജീവ് ചന്ദ്രശേഖറിന്റെ കുടുംബം കൈക്കലാക്കിയെന്നതാണ് പ്രധാന ആരോപണം. 1994-ൽ ബി.പി.എൽ ഫാക്ടറി സ്ഥാപിക്കാനായി വാങ്ങിയ ഭൂമിയാണ് പിന്നീട് മാരുതി സുസുക്കി അടക്കമുള്ള വൻകിട കമ്പനികൾക്ക് വിൽക്കപ്പെട്ടതെന്ന് ജഗദേഷ് കുമാർ പറയുന്നു.

കരാർ പ്രകാരം മൂന്നു മാസത്തിനകം നിർമാണപദ്ധതി സമർപ്പിക്കണമെന്നും പ്രവർത്തനം ആരംഭിക്കണമെന്നും നിബന്ധന ഉണ്ടായിരുന്നെങ്കിലും, 14 വർഷങ്ങൾക്കിപ്പുറവും ആ സ്ഥലത്ത് ഒരു ഇഷ്ടിക പോലും വെച്ചിട്ടില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരം ആറ് കോടി രൂപ നിക്ഷേപിച്ചുവെന്നു പറഞ്ഞ ശേഷം 2009-ൽ ആ ഭൂമി വൻതുകയ്ക്ക് മറിച്ച് വിറ്റതായും ജഗദേഷ് കുമാർ ആരോപിച്ചു.

Tag: Karnataka land deal; Rajiv Chandrasekhar calls it a “conspiracy by CPI(M) and Congress”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button