സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷും, വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലും ഇന്ന് ചുമതലയേൽക്കും

സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷും, വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലും ഇന്ന് രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ചുമതലയേൽക്കും. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ചടങ്ങിൽ പങ്കെടുക്കും. എന്നാൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ദീർഘകാലമായി അധ്യക്ഷ പദവി ഒഴിവ് നിലനിന്നതിന് ശേഷമാണ് ഒ.ജെ. ജനീഷിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. നേതാക്കൾ തമ്മിലുള്ള വിട്ടുവീഴ്ചയില്ലായ്മയാണ് യൂത്ത് കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഒടുവിൽ സമുദായിക സമവാക്യം പരിഗണിച്ചാണ് ഈഴവ വിഭാഗത്തിൽപ്പെട്ട ഒ.ജെ. ജനീഷിനെ തെരഞ്ഞെടുക്കിയത്. ഷാഫി പറമ്പിലിന്റെ പിന്തുണയും അദ്ദേഹത്തിന് കരുത്തായി.
യൂത്ത് കോൺഗ്രസിൽ ആദ്യമായി വർക്കിംഗ് പ്രസിഡന്റിനെ നിയമിക്കുന്നതും ശ്രദ്ധേയമാണ്. പാർട്ടി കീഴ്വഴക്കങ്ങൾ മറികടന്ന് ബിനു ചുള്ളിയിലിനെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് കെ. സി. വേണുഗോപാൽ പക്ഷക്കാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ടാണെന്ന വിലയിരുത്തലുണ്ട്.
കെപിസിസി അധ്യക്ഷൻ, കെ.എസ്.യു. അധ്യക്ഷൻ, മഹിളാ കോൺഗ്രസ് അധ്യക്ഷൻ എന്നിവർ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ അബിൻ വർഗീസിന്റെ സാധ്യത കുറയുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതായിരുന്നു കെ.എം. അഭിജിത്തിനെ ഒഴിവാക്കാനുള്ള പ്രധാന കാരണം. തർക്കങ്ങൾ ഒഴിവാക്കാനായി ഇരുവരെയും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായി നിയമിക്കുകയുമുണ്ടായി.
Tag: O.J. Janish will take charge as the state president and Binu Chulli will take charge as the working president today.



