മഹാരാഷ്ട്രയില്‍ വനിതാ ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട കേസ്; വ്യാജ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ഒപ്പുവെച്ചിരുന്നുവെന്ന് ആരോപണം

മഹാരാഷ്ട്രയില്‍ വനിതാ ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തല്‍. സത്താറ സ്വദേശിനിയായ ഭാഗ്യശ്രീ മാരുതി, വ്യാജ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ചുവെന്നാരോപിച്ച് രംഗത്ത് വന്നു. തന്റെ മകള്‍ ദീപാലി മാരുതിയുടെ മരണം സ്വാഭാവികമല്ലെന്നും, എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അത് മറച്ചുവെച്ചിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
ഡോക്ടറിന് മേല്‍ റിപ്പോര്‍ട്ട് വ്യാജമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും, അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഭാഗ്യശ്രീ ആരോപിച്ചു. തന്റെ മകളുടെ സംശയാസ്പദമായ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഇതിനു മുമ്പ്, വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന കാര്യം ഡോക്ടറുടെ ആത്മഹത്യക്കുറിപ്പിലൂടെയും പുറത്ത് വന്നിരുന്നു. കൈപ്പത്തിയില്‍ എഴുതിയ കുറിപ്പില്‍, സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദാനെ ലൈംഗികമായി പീഡിപ്പിച്ചതായും, ടെക്കി പ്രശാന്ത് ബങ്കാര്‍ മാനസികമായി പീഡിപ്പിച്ചതായും ഡോക്ടര്‍ പരാമര്‍ശിച്ചിരുന്നു. നാല് പേജുള്ള മറ്റൊരു കുറിപ്പില്‍ ഒരു മുന്‍ എംപിയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഭാഗ്യശ്രീയുടെ ആരോപണം കേസിന് പുതിയ വഴിത്തിരിവാണ് നല്‍കുന്നത്. അവരുടെ മകള്‍ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ അജിങ്ക്യ ഹന്‍മന്ത് നിംബാല്‍ക്കറെ വിവാഹം കഴിച്ചിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ദീപാലിക്ക് നേരിടേണ്ടി വന്നിരുന്നുവെന്നും അവര്‍ പറഞ്ഞു.
പീഡനം സഹിക്കാനാവാതെ ദീപാലി ഓഗസ്റ്റ് 19-ന് ആത്മഹത്യ ചെയ്തതായി കാണിച്ചുവെങ്കിലും, അത് കൊലപാതകമായിരിക്കാമെന്ന് ഭാഗ്യശ്രീ സംശയിക്കുന്നു. മരണം സംഭവിച്ചിട്ട് അഞ്ച് ദിവസത്തിനുശേഷം മാത്രമാണ് പോലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയതെന്നും, ഒരു മാസത്തിനു ശേഷം ലഭിച്ച റിപ്പോര്‍ട്ട് പൂര്‍ണമായും അട്ടിമറിക്കപ്പെട്ടിരുന്നതായി അവര്‍ ആരോപിച്ചു. ഭാഗ്യശ്രീയുടെ ആരോപണമനുസരിച്ച്, അജിങ്ക്യ നിംബാല്‍ക്കര്‍ തന്റെ രാഷ്ട്രീയവും പോലീസുമായ ബന്ധങ്ങള്‍ ഉപയോഗിച്ച് കേസ് അടച്ച് പൂട്ടാന്‍ ശ്രമിച്ചു.
“ഓഗസ്റ്റ് 17-ന് മരുമകനില്‍ നിന്ന് ഫോണ്‍ വന്നു — ദീപാലി ഗുരുതരാവസ്ഥയിലാണ്, ഫല്‍ട്ടനിലെ റാവത്ത് ആശുപത്രിയിലാണ് എന്ന്. അവള് ഗര്‍ഭിണിയായതിനാല്‍ തലകറക്കം വന്ന് വീണതാകാമെന്ന് ഞങ്ങള്‍ കരുതിയിരുന്നു. പക്ഷേ ആശുപത്രിയില്‍ എത്തിയപ്പോള്‍, അജിങ്ക്യയുടെ സഹോദരന് പറഞ്ഞു – ദീപാലി മരിച്ചു. എനിക്കത് വിശ്വസിക്കാനായില്ല. ആറുമാസം ഗര്‍ഭിണിയായിരുന്ന അവള്‍ക്ക് ഒരു വയസ്സര മകളുമുണ്ടായിരുന്നു. അവള് അവരെ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യുമോ? അവള് കൊല്ലപ്പെട്ടതാണെന്ന് ഞാന്‍ ഉറപ്പിക്കുന്നു,” — എന്ന് ഭാഗ്യശ്രീ ആരോപിച്ചു.
Tag: Case related to death of female doctor in Maharashtra; Allegation that she signed a fake postmortem report



