പ്രമീള ശശിധരനെ ബിജെപിയിൽ പടയൊരുക്കം; കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്

പാലക്കാട് ബിജെപിയിലുള്ള ആഭ്യന്തര വിഭാഗീയതയെ മുതലെടുക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്ത നഗരസഭ അധ്യക്ഷ പ്രമീള ശശിധരനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് പ്രഖ്യാപിച്ചു.
“പ്രമീല ശശിധരനെതിരെ ബിജെപി നടപടി സ്വീകരിക്കുകയാണെങ്കിൽ അവരെ പിന്തുണയ്ക്കാൻ കോൺഗ്രസ് പൂർണ്ണമായും തയ്യാറാണ്. അതിൽ യാതൊരു സംശയവുമില്ല,” എന്നാണ് സി.വി. സതീഷിന്റെ പ്രതികരണം.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആഭ്യന്തര കലഹങ്ങൾ മൂലം പാലക്കാട് ബിജെപി പ്രതിസന്ധിയിലായിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം വേദി പങ്കിട്ട വിഷയത്തിൽ പാർട്ടി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രമീല ശശിധരൻ വിശദീകരണം നൽകിയിരുന്നു. എന്നാൽ, പാർട്ടിയിൽ നിന്ന് അവരെ പുറത്താക്കണമെന്ന ആവശ്യം സി. കൃഷ്ണകുമാർ ഉന്നയിച്ചു.
ലൈംഗികാരോപണങ്ങൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം വേദി പങ്കിട്ടത് ഗുരുതരമായ വീഴ്ചയാണെന്നതാണ് ബിജെപിയുടെ വിലയിരുത്തൽ. എംഎൽഎക്കെതിരെ പാർട്ടി നേരത്തെ എടുത്ത നിലപാടിന്റെ തെളിവായി, ഓഗസ്റ്റിൽ നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് നഗരസഭ ഉപാധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസ് നൽകിയ കത്തും പുറത്തുവന്നു.
ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. അതിനിടയിലാണ് പാർട്ടി ഭരിക്കുന്ന പാലക്കാട് നഗരസഭ അധ്യക്ഷയായ പ്രമീല ശശിധരൻ അതേ എംഎൽഎയോടൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തത്, ബിജെപിക്ക് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
Tag: Pramila Sasidharan is ready to join BJP; Block Congress President says she will be welcomed to Congress



