keralaKerala NewsLatest NewsUncategorized

മുട്ടില്‍ മരംമുറി കേസ്; വനംവകുപ്പ് പിടിച്ചെടുത്ത 15 കോടിയോളം രൂപ വിലമതിക്കുന്ന തടികള്‍ മഴയേറ്റ് നശിക്കുന്നു

വയനാട് മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് പിടിച്ചെടുത്ത 15 കോടിയോളം രൂപ വിലമതിക്കുന്ന തടികള്‍ മഴയേറ്റ് നശിക്കുന്നു. ഈട്ടി അടക്കമുള്ള വിലപിടിപ്പുള്ള മരങ്ങള്‍ തുറസായ സ്ഥലത്താണ് സൂക്ഷിച്ചിരിക്കുന്നത്. മരങ്ങള്‍ ലേലം ചെയ്യുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നതാണ് വനം വകുപ്പിന്റെ വിശദീകരണം.

അഞ്ച് വര്‍ഷമായി ഈ മരങ്ങള്‍ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരങ്ങള്‍ സംരക്ഷിക്കണമെന്ന് ജില്ലാ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും, അത് വനംവകുപ്പ് പാലിച്ചിട്ടില്ല. ലേലം നടത്തി തുക കോടതിയില്‍ കെട്ടിവയ്ക്കാനുള്ള നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല.

മുട്ടില്‍ മരംമുറി കേസില്‍ കര്‍ഷകര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന റവന്യൂമന്ത്രിയുടെ വാദം മുൻ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു തള്ളിക്കളഞ്ഞിരുന്നു. കര്‍ഷകര്‍ക്കെതിരെ റവന്യൂവകുപ്പ് നടപടി തുടരുന്നതിന്റെ തെളിവാണ് നല്‍കിയ നോട്ടീസ്, എന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

വനംവകുപ്പ് കസ്റ്റഡിയിലുള്ള മരങ്ങള്‍ ലേലം ചെയ്ത് തുക പൊതുഖജനാവില്‍ സൂക്ഷിക്കാനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ജോസഫ് മാത്യു ചൂണ്ടിക്കാട്ടി. കേസ് ദുര്‍ബലമാണെന്നും പുനരന്വേഷണം നടത്തി കുറ്റപത്രം പുതുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുട്ടില്‍ മരംമുറി കേസില്‍ കെ.എല്‍.സി. ചട്ടപ്രകാരം മരം വിറ്റ കര്‍ഷകര്‍ നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2023ല്‍ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് മാനന്തവാടി സബ് കളക്ടര്‍ അപാകതകള്‍ പരിഹരിച്ച് വീണ്ടും അപ്പീല്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 11ന് പുതിയ നോട്ടീസ് നല്‍കി. റവന്യൂമന്ത്രി കര്‍ഷകര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ചിട്ടും, ഉദ്യോഗസ്ഥര്‍ നടപടിയുമായി മുന്നോട്ടുപോകുന്നത് നോട്ടീസിലൂടെ തെളിയിക്കുന്നതാണെന്ന് ജോസഫ് മാത്യു പറഞ്ഞു.

വൈത്തിരി തഹസില്‍ദാറിന്റെ വിവരാവകാശ രേഖ പ്രകാരം, 37 കേസുകളില്‍ കെ.എല്‍.സി. നിയമപ്രകാരം പിഴ ഈടാക്കാനുള്ള ഉത്തരവ് മുട്ടില്‍ വില്ലേജ് ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കെതിരെ നടപടി വേണ്ടെന്നുവെച്ചാല്‍ റവന്യൂ സെക്രട്ടറിയുടെയും ലാന്‍ഡ് റവന്യൂ സെക്രട്ടറിയുടെയും വ്യക്തമായ ഉത്തരവാണ് ആവശ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലുള്ള 15 കോടിയോളം രൂപ വിലമതിക്കുന്ന മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി ഇതുവരെ വൈകുന്നതെന്തിന്? എന്നും, 49 കേസുകളില്‍ ഇത്രയും കാലമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നതും ഗുരുതരമായ വീഴ്ചയാണെന്നും ജോസഫ് മാത്യു ആരോപിച്ചു.

Tag: Muttil tree felling case: Timber worth Rs 15 crore seized by the forest department is being destroyed by rain

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button