‘സ്വർണപ്പാളികൾ ഏറ്റുവാങ്ങിയത് നാഗേഷ് അല്ല, നരേഷ് ആണ്’, എസ്ഐടിയെ തെറ്റിധരിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വർണപ്പാളികൾ ഏറ്റുവാങ്ങിയത് നാഗേഷ് അല്ല, ഹൈദരാബാദിൽ നിന്നുള്ള നരേഷ് ആണെന്ന് എസ്.ഐ.ടിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ദേവസ്വം വിജിലൻസ് സംഘത്തോട് നാഗേഷ് എന്ന പേരിൽ തെറ്റായ മൊഴി നൽകിയതായാണ് കണ്ടെത്തൽ. 2019ലാണ് ഈ സ്വർണപ്പാളികൾ ഹൈദരാബാദിൽ നരേഷിന് കൈമാറിയത്.
ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം, 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യൻ ആണ് തങ്കപ്പാളികൾ ഏറ്റെടുത്തത്. അദ്ദേഹം ആദ്യം സ്വർണപ്പാളികൾ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി, പിന്നീട് അവ ഹൈദരാബാദിലേക്കാണ് മാറ്റിയത്. ഹൈദരാബാദിൽ നരേഷിന് പാളികൾ കൈമാറുകയും, നരേഷ് അവ 39 ദിവസം കൈവശം വച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനുശേഷമാണ് പാളികൾ ചെന്നൈയിലെ “സ്മാർട്ട് ക്രിയേഷൻസ്” എന്ന സ്ഥാപനത്തിലെത്തിയത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളിയായ കൽപേഷിനെ ട്വന്റിഫോർ കണ്ടെത്തി. രാജസ്ഥാൻ സ്വദേശിയായ കൽപേഷ് ചെന്നൈയിലെ ഒരു ജ്വല്ലറിയിലാണ് ജോലി ചെയ്യുന്നത്. “സ്മാർട്ട് ക്രിയേഷൻസിൽ” നിന്നുള്ള സ്വർണം ബെല്ലാരിയിലെ ജ്വല്ലറിയിലേക്ക് താനാണ് കൊണ്ടുപോയതെന്ന് കൽപേഷ് സമ്മതിച്ചു. “താൻ കൊണ്ടുപോയത് സ്വർണമാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും അറിയില്ലായിരുന്നു,” എന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈയിലെ പെരിയനായകനർ സ്ട്രീറ്റിലെ കെ.കെ.ജെ ജ്വല്ലേഴ്സിലാണ് കൽപേഷ് കഴിഞ്ഞ 12 വർഷമായി ജോലി ചെയ്യുന്നത്. “ഒരു തവണ മാത്രമേ ഞാൻ സ്മാർട്ട് ക്രിയേഷൻസിൽ പോയിട്ടുള്ളൂ. ഞാൻ ജോലി ചെയ്യുന്ന ജ്വല്ലറിയും സ്വർണം കൊണ്ടുപോയ റോദ്ദം ജ്വല്ലറിയും തമ്മിൽ വ്യാപാരബന്ധം ഉണ്ടായിരുന്നു. ഞാൻ വെറും പാഴ്സൽ കൈമാറിയതാണ്,” എന്നും കൽപേഷ് പറഞ്ഞു. ഈ ഇടപാടിന് തന്റെ ജ്വല്ലറിക്ക് 35,000 രൂപ പ്രതിഫലം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൽപേഷ് ജോലി ചെയ്യുന്ന ജ്വല്ലറിയിൽ പ്രത്യേക അന്വേഷണ സംഘം ഇതുവരെ പരിശോധന നടത്തിയിട്ടില്ല. ഇയാളെ ഇതുവരെ ചോദ്യം ചെയ്തതുമില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്കറിയില്ലെന്നും കൽപേഷ് വ്യക്തമാക്കി. എന്നാൽ ബെല്ലാരിയിലെ റോദ്ദം ജ്വല്ലറിയുടെ ഉടമ ഗോവർധൻ പോറ്റിയെ പരിചയമുള്ളയാളാണെന്ന് നേരത്തെ സമ്മതിച്ചിരുന്നു.
ബെംഗളൂരിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിലും ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ പക്കലും നിന്നും 576 ഗ്രാം സ്വർണം ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ള സ്വർണം കണ്ടെത്തുന്നതിനായി എസ്.ഐ.ടി. അന്വേഷണം തുടരുകയാണ്.
Tag: Unnikrishnan Potti misled the SIT



