തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ നടപടികൾ ആരംഭിക്കും

രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള (SIR) ഷെഡ്യൂൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ മുതൽ ഈ സംസ്ഥാനങ്ങളിൽ നടപടികൾ ആരംഭിക്കും.
ബീഹാറിൽ ആദ്യഘട്ട SIR വിജയകരമായി പൂർത്തിയായതായി കമ്മീഷൻ അറിയിച്ചു. അവിടെ ഒരു അപ്പീൽ പോലും ലഭിച്ചിട്ടില്ലെന്ന് ഗ്യാനേഷ് കുമാർ വ്യക്തമാക്കി. 1951 മുതൽ 2004 വരെ രാജ്യത്ത് എട്ടുതവണ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടന്നിട്ടുണ്ടെന്നും, ഇപ്പോഴത്തെ സംരംഭം അതിന്റെ തുടർച്ചയായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യവ്യാപക SIR നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി നാളെ മുതൽ പരിശീലന പരിപാടികൾ ആരംഭിക്കും. രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചകൾ സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസർമാർ (CEO) നടത്തും. പാർട്ടികൾ നിർദേശിക്കുന്ന ബൂത്ത് തല ഏജന്റ്മാർക്കും പ്രത്യേക പരിശീലനം നൽകുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
കേരളം അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതായി നടക്കുന്ന സംസ്ഥാനങ്ങളെ ആദ്യ ഘട്ട പരിഷ്കരണത്തിൽ ഉൾപ്പെടുത്തുമെന്ന സൂചന നേരത്തേ കമ്മീഷൻ നൽകിയിരുന്നു. എന്നാൽ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്നതിനാൽ, കേരളത്തിൽ SIR നടപടികൾ താൽക്കാലികമായി നീട്ടി വയ്ക്കണമെന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശം പരിഗണനയിൽ ഉണ്ടെന്ന് കമ്മീഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അറിയിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Tag: Schedule for revision of active voter list announced, process to begin tomorrow in 12 states including Kerala



