പൊതുസ്ഥലത്ത് പോകുമ്പോൾ, വൃത്തിയുള്ള ഒരു ശുചിമുറിയ്ക്കായി ‘ക്ലൂ ആപ്പ് ‘

പൊതുസ്ഥലങ്ങളിലെ വൃത്തിയുള്ള ശുചിമുറികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കേരള സർക്കാർ ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇനി പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ വൃത്തിയുള്ള ശുചിമുറി എവിടെ കിട്ടും എന്ന ആശങ്ക വേണ്ട.
കേരളത്തിലെ പൊതുജനങ്ങൾക്ക് എവിടെയായിരുന്നാലും വൃത്തിയുള്ള ശുചിമുറികൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു സ്മാർട്ട് ആപ്ലിക്കേഷനാണ് ”ക്ലൂ ‘ ആപ്പ്. പേര് സൂചിപ്പിക്കുന്നത് പോലെ, ‘കേരള ലൂ’ (Kerala Loo) എന്നതിന്റെ ചുരുക്കപ്പേരായാണ് ”ക്ലൂ ‘ എന്ന പേര് ഈ ആപ്ലിക്കേഷന് നൽകിയിരിക്കുന്നത്. ഈയൊരു പേര് തന്നെ ഇതിന്റെ ലക്ഷ്യം വളരെ ലളിതമായി വ്യക്തമാക്കുന്നുണ്ട്. ഈ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തത് ‘ഡ്രൂം സെന്റിഫിക്’ എന്ന സ്മാർട്ട് ആപ്പ് കമ്പനിയാണ്.
സംസ്ഥാനത്തെ പൊതുസ്ഥലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, യാത്രാമാർഗ്ഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വൃത്തിയുള്ള ശുചിമുറികളുടെ വിവരങ്ങൾ തത്സമയം ഉപയോക്താക്കളിലേക്ക് എത്തിക്കുക. സർക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായാണ് ‘ക്ലൂ’ ആപ്പ് പുറത്തിറങ്ങുന്നത്. പൊതുശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ഒറ്റക്കല്ല പ്രവർത്തിക്കുന്നത്.
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനുമായി (KHRA) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലുമുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി ഒരുക്കിക്കൊടുക്കുന്നതിൽ ഈ സഹകരണം നിർണായകമാണ്. ‘ക്ലൂ’ ആപ്പിന്റെ ഒരു പ്രധാന സവിശേഷത, ശുചിമുറികളുടെ നിലവാരം എപ്പോഴും മെച്ചപ്പെടുത്താൻ സഹായിക്കുന്ന തത്സമയ ഫീഡ്ബാക്ക് സംവിധാനമാണിതെന്നാണ്.
ഒരു ശുചിമുറി എത്രത്തോളം വൃത്തിയുള്ളതാണ്, സൗകര്യങ്ങൾ, ഉപയോഗിച്ചവരുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ ഉപയോക്താക്കൾക്ക് അറിയാൻ സാധിക്കും. ശുചിമുറി ഉപയോഗിച്ച ശേഷം അതിന്റെ വൃത്തിയുടെ നിലവാരം രേഖപ്പെടുത്താൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇത് പരിപാലകർക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രചോദനമാകും.
യാത്ര ചെയ്യുന്നവർ, ടൂറിസ്റ്റുകൾ, സാധാരണക്കാർ എന്നിവർക്ക് ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് (Android), ഐ.ഒ.എസ് (iOS) പ്ലാറ്റ്ഫോമുകളിൽ ഉടൻ തന്നെ ലഭ്യമാകും. സാമൂഹിക പ്രശ്നപരിഹാരത്തിനായി ടെക്നോളജിയെ ഉപയോഗിക്കുന്നതിനുള്ള മികച്ച ഉദാഹരണമാണ് ‘ക്ലൂ’ ആപ്പ്. പൊതുജന പങ്കാളിത്തവും KHRA-യുടെ സഹകരണവും ഈ പദ്ധതിയുടെ വിജയത്തിന് നിർണായകമാണ്.
Tag: When going to a public place, use the ‘Clue App’ for a clean restroom



