പിഎം ശ്രീ പദ്ധതി വിവാദം; മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ ചർച്ച സമവായത്തിലെത്തിയില്ല

പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ, ഇരുകക്ഷികളും അനുനയത്തിലേക്ക് എത്തിയില്ല. ഇതോടെ സിപിഐ മന്ത്രിമാർ അടുത്ത മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടോടെയാണ് സിപിഐ കടുത്ത രാഷ്ട്രീയ നീക്കത്തിലേക്ക് നീങ്ങുന്നത്.
ആലപ്പുഴയിൽ മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരോടും സംസ്ഥാന നേതാക്കളോടും കൂടിയാലോചന നടത്തി. അതിനുശേഷമാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ പ്രതിഷേധം രേഖപ്പെടുത്താനുള്ള നിര്‍ണായക തീരുമാനം എടുത്തത്. പിഎം ശ്രീ പദ്ധതിയിൽ സമവായ നിര്‍ദേശം ഉടൻ അംഗീകരിക്കണമെന്നതാണ് സിപിഐയുടെ ആവശ്യം.
മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുന്നതിലൂടെ പ്രതിഷേധം പ്രകടിപ്പിക്കും. തുടര്‍ നടപടികൾ നവംബർ 4-ന് ചേരുന്ന സിപിഐ സംസ്ഥാന യോഗത്തിൽ ചര്‍ച്ചയാകും.
അതേസമയം, ബിനോയ് വിശ്വവുമായി കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. സിപിഐയുടെ ഈ കടുത്ത നിലപാട്, തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിനും സർക്കാരിനും രാഷ്ട്രീയമായി ഗൗരവമുള്ള തിരിച്ചടിയാകാനാണ് സാധ്യത.
Tag: PM Shri scheme controversy; Discussion between Chief Minister and CPI State Secretary Binoy Vishwa did not reach consensus



