കരൂർ ദുരന്തബാധിതരുടെ കാലിൽതൊട്ട് മാപ്പ് അപേക്ഷിച്ച് വിജയ് ; ‘കയ്യൊഴിയില്ല, കൂടെയുണ്ടാകും’
ദുരിതബാധിതരെ ഒരിക്കലും കയ്യൊഴിയില്ല. എപ്പോഴും കൂടെയുണ്ടാകുമെന്നും വിജയ് ഉറപ്പു നൽകി.

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ച് നടനും ടിവികെ നേതാവുമായ വിജയ്. ഇന്നലെ മഹാബലിപുരത്തെ റിസോർട്ടിൽ വെച്ചാണ് മരിച്ചവരുടെ ബന്ധുക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. കരൂരിലെ വീട്ടിലെത്തി കാണണമെന്നാണ് ആഗ്രഹിച്ചതെങ്കിലും സാഹചര്യം അതിനെതിരായിരുന്നുവെന്ന് വിജയ് പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. ദുരിതബാധിതരെ ഒരിക്കലും കയ്യൊഴിയില്ല. എപ്പോഴും കൂടെയുണ്ടാകുമെന്നും വിജയ് ഉറപ്പു നൽകി.
അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് ദുരന്തബാധിതരുടെ ബന്ധുക്കളെ വിജയ് കണ്ടത്. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമുള്ള സാമ്പത്തിക സഹായം നേരത്തെ തന്നെ നൽകിയിരുന്നു. അപകടത്തിന് പിന്നാലെ ചെന്നൈയിലേക്ക് പോയ വിജയ് കരൂർ സന്ദർശിക്കാത്തതിൽ വിമർശനം ശക്തമായതിന് പിന്നാലെയാണ് ദുരന്തബാധിതരെ മഹാബലിപുരത്തെത്തിച്ചത്.
അടച്ചിട്ട മുറിയിൽ നടന്ന കൂടിക്കാഴ്ചയിൽ ബന്ധുക്കളുടെ ആശങ്കകൾ വിശദമായി സംസാരിച്ചു. ദുരന്തമുഖത്ത് നിന്ന് മണിക്കൂറുകൾക്കുള്ളിൽ ചെന്നൈയിലെ വസതിയിലേക്ക് പോയ വിജയ് ഇതുവരെ കരൂർ സന്ദർശിക്കാത്തത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഇരകളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ മരിച്ച എല്ലാവരുടേയും ബന്ധുക്കൾ മഹാബലിപുരത്ത് എത്തിയിരുന്നില്ല. 37 പേരുടെ ബന്ധുക്കളാണ് എത്തിയത്. ഇതിനായി സ്വകാര്യ റിസോർട്ടിൽ അൻപത് മുറികളും ബുക്ക് ചെയ്തിരുന്നു.
കരൂരിലെത്തി ഇരകളെ കാണുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പല തവണ തീരുമാനം മാറ്റി. സി ബി ഐ അന്വേഷണം നടക്കുന്നതിനാലാണ് കരൂരിലെത്താത്തത് എന്നാണ് വിജയ് വിശദീകരിച്ചത്. എന്നാൽ വേദിയൊരുക്കാൻ ഡിഎംകെ സർക്കാർ അനുമതി നൽകിയില്ലെന്ന ഗുരുതര ആരോപണവും ടിവികെ ഉന്നയിച്ചു. ദുരന്തത്തിന്റെ ഇരകളെ കയ്യൊഴിയില്ലെന്നും കുടുംബത്തിലെ കുട്ടികളുടെ ചികിത്സയും ബന്ധുക്കളുടെ ചികിത്സാ ചെലവും ഉൾപ്പെടെ ഏറ്റെടുത്ത ടിവികെ പ്രതിമാസം നിശ്ചിത തുക മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ദുരന്തബാധിതരുടെ കുടുംബത്തിന് വിജയ് 20 ലക്ഷം രൂപ നൽകിയിരുന്നു. സെപ്തംബർ 27ന് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്.
tag: Vijay apologizes to the victims of the Karur disaster; ‘I won’t leave, I will be with you



