മുങ്ങിയ സബ് കളക്ടർ വന്നു, മൂന്നു വർഷം വരെ തടവും,പിഴയും ശിക്ഷകിട്ടാവുന്ന കുറ്റകൃത്യം ചെയ്ത സബ് കളക്ടർ അനുപം മിശ്രയെ സർക്കാർ ജില്ല മാറ്റി പ്രതിഷ്ഠിക്കുന്നു, പൊലീസ് ഉദ്യോഗസ്ഥൻ മാത്രം ഇപ്പോഴും വഴിയാധാരമാണ്.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടെ ക്വാറന്റീൻ ലംഘിച്ച് സ്വദേശത്തേക്ക് മുങ്ങിയതിനെ തുടർന്ന് സസ്പെൻഷനിലായ കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്രയെ വാക്കാൽ താക്കീത് നൽകി ജില്ല മാറ്റി സർക്കാർ പ്രതിഷ്ഠിച്ചു. സബ്കളക്ടർ മുങ്ങിയ വിവരം മറച്ചുവച്ചതിന് സസ്പെൻഷൻ ലഭിച്ച ഡ്രൈവറും ഗണ്മാനുമായ പൊലീസ് ഉദ്യോഗസ്ഥൻ മാത്രം ഇപ്പോഴും വഴിയാധാരമാണ്. സബ്കളക്ടർ പോയ വിവരം അറിയിക്കാഞ്ഞതിനു സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ഇതുവരെ തിരികെ സർവീസിൽ പ്രവേശിപ്പിച്ചിട്ടില്ല.
കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്രക്കെതിരെ ഐ പി സി 188,സെക്ഷൻ 270,സെക്ഷൻ 271, ദുരന്ത നിവാരണ നിയമം ലംഘിച്ചതിന്റെ പേരിലും കൊല്ലം വെസ്റ്റ് പോലീസ് കേസ് എടുത്തിരുന്നതാണ്. നാല് വകുപ്പുകളിലായി മൂന്നു വർഷം വരെ തടവും,പിഴയും ശിക്ഷകിട്ടാവുന്ന കുറ്റകൃത്യം ചെയ്ത സബ് കളക്ടറെയാണ് സർക്കാർ ജില്ല മാറ്റി നിയമനം നൽകിയിരിക്കുന്നത്.
ക്വാറന്റീൻ ലംഘിച്ച് മുങ്ങിയ കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്ര നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ആലപ്പുഴ സബ് കളക്ടറായാണ് ചുമതലയേൽക്കുന്നത്. ക്വറന്റീൻ ലംഘിച്ചതിന് സബ് കളക്ടറെ വാക്കാൽ താക്കീത് നൽകി മാറ്റി നിർത്തിയ ശേഷമായിരുന്നു സ്ഥലം മാറ്റി നിയമനം നൽകിയത്. അതേസമയം, സബ് കളക്ടറുടെ മുങ്ങൽ മൂലം ജോലി തെറിച്ച പോലീസുകാരന്റെ കാര്യത്തിൽ നീതികാണിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം.
കൊവിഡ് കാലത്ത് സിംഗപ്പൂർ യാത്ര നടത്തിയ സബ് കളക്ടർ അനുപം മിശ്ര വിവരം മറച്ചു വെച്ച് ജോലിചെയ്യുന്നതിനിടെയിലാണ്, സബ്കളക്ടറുടെ വിദേശ യാത്രാ വിവരമറിഞ്ഞ ജില്ലാകളക്ടർ അനുപം മിശ്രയോട് നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുന്നത്. എന്നാൽ മാർച്ച് 19ന് ആരെയും അറിയിക്കാതെ അനുപം മിശ്ര കാൺപൂരിലേക്ക് മുങ്ങി. സബ്കളക്ടറുടെ യാത്ര വിവാദങ്ങൾ ഉണ്ടാക്കിയപ്പോൾ, അനുപം മിശ്രയ്‌ക്കെതിരെ കളക്ടർ സർക്കാരിന് റിപ്പോർട്ടും നൽകി. തുടർന്നാണ് വാക്കാൽ താക്കീത് നൽകി സർവീസിൽ നാലുമാസകാലം മാറ്റി നിർത്തുന്നത്.
മറ്റ് സംസ്ഥാനത്ത് നിന്ന് എത്തിയതിനാൽ അനുപം മിശ്ര ഇപ്പോൾ ക്വറന്റീനിലാണ്. അടുത്തമാസം ആദ്യവാരം ആലപ്പുഴ സബ്കളക്ടറായി ചുമതലയേക്കുകയാണ്.