37 വർഷംമുൻപ് റെയിൽവേ പിരിച്ചുവിട്ട ടിടിഇയെ മരണശേഷം ‘തിരിച്ചെടുത്ത്’ സുപ്രീംകോടതി; മുഴുവൻ ആനുകൂല്യങ്ങളും മൂന്നു മാസത്തിനകം നൽകും

കൈക്കൂലി വാങ്ങിയെന്നാരോപിച്ച് 37 വർഷം മുൻപ് ടിക്കറ്റ് പരിശോധകൻ (ടിടിഇ) വി.എം. സൗദാഗറിനെ പിരിച്ചുവിട്ട റെയിൽവേയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. നീണ്ടുനിന്ന നിയമപോരാട്ടത്തിനിടെ മരിച്ചുപോയ ഉദ്യോഗസ്ഥന്റെ നിയമാനുസൃത അവകാശികൾക്ക് അർഹമായ പെൻഷൻ ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും മൂന്നു മാസത്തിനകം നൽകാൻ കോടതി ഉത്തരവിട്ടു.
1988-ൽ ദാദർ–നാഗ്പൂർ എക്സ്പ്രസിൽ റെയിൽവേ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സൗദാഗർ പിടിയിലായത്. യാത്രക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയതും വ്യാജ ഡ്യൂട്ടി പാസുകൾ സൃഷ്ടിച്ചതുമാണ് അദ്ദേഹത്തിന് നേരെയുള്ള ആരോപണങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ 1996-ൽ റെയിൽവേ അദ്ദേഹത്തെ പിരിച്ചുവിട്ടു.
എന്നാൽ, റെയിൽവേയുടെ തീരുമാനം ചോദ്യംചെയ്ത സൗദാഗറിന് അനുകൂലമായി 2002-ൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിച്ചു, ഹൈക്കോടതി ട്രിബ്യൂണലിന്റെ തീരുമാനം റദ്ദാക്കി.
ഇത് ചോദ്യംചെയ്താണ് സൗദാഗർ 2019-ൽ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി, ട്രിബ്യൂണലിന്റെ തീരുമാനം ശരിവെച്ചു. ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾക്ക് മതിയായ തെളിവുകളില്ലെന്നും, സാക്ഷികളെ ക്രോസ് വിസ്താരത്തിന് അവസരം നൽകിയിട്ടില്ലെന്നതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Tag: Supreme Court ‘reinstates’ posthumously dismissed TTE dismissed by Railways 37 years ago



